തിരുവനന്തപുരം: കൊച്ചി കപ്പൽ അപകടം സംബന്ധിച്ച സുപ്രധാന അറിയിപ്പ്. കപ്പൽ പൂർണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നൗട്ടിക്കൽമൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ ഉള്ള പൊടി എണ്ണ പടയ്ക്ക് മേൽ തളിക്കുന്നുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കപ്പലിലെ 640 കണ്ടെയ്നറുകളിൽ നൂറെണ്ണം വേർപെട്ട് കടലിൽ വീണു. 13 കണ്ടെയ്നറുകളിൽ അപായകരമായ വസ്തുക്കളുണ്ട്. ഇതിൽ 12 എണ്ണത്തിലും കാൽസ്യം കാർബൈഡ് ആണ്. രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതുമായിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാൽസ്യം കാർബേഡ് അടങ്ങിയ 12 കണ്ടെയ്നകളും ഉള്ളത്. ഒരു കണ്ടെയ്നർ 22 ടൺ ഭാരം വരും.
കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്. കപ്പൽ മുങ്ങിയ മേഖലയിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ്. ഒപ്പം തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളും കടലിലുണ്ട്. ഈ കപ്പൽ ചാലിലൂടെ പോകുന്ന മറ്റു കപ്പലുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയതായി അറിയിച്ചു. മുങ്ങിയ കപ്പലിലെ ക്യാപ്റ്റൻ അടക്കം എല്ലാവരെയും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷിച്ചു. അപകടത്തിന്റെ മറ്റു കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരും ആരോഗ്യവാന്മാരുമാണ്.