തിരുവോണ നാളിൽ മാത്രം ഓണാഘോഷത്തിന് നഗരത്തിൽ എത്തിയത് അഞ്ച് ലക്ഷത്തോളം പേർ. വാരാഘോഷം തുടങ്ങിയതുമുതൽ കനകക്കുന്നില്‍ 20 ലക്ഷത്തിലേറെ ജനങ്ങൾ ഓണാഘോഷത്തിന്റെ ഭാഗമായി എത്തിയെന്നാണ് ഇതുവരെയുള്ള പോലീസിന്റെ കണക്ക്. തിരക്ക് നിയന്ത്രിക്കുന്നതിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ നോക്കുന്നതിലും പഴുതടച്ച സുരക്ഷ ഒരുക്കിയ കേരള പോലീസിന് സല്യൂട്ടടിക്കുകയാണ് ജനങ്ങൾ.
തിരക്ക് കൃത്യമായി നിയന്ത്രിക്കാനും വാഹന ഗതാഗതവും പാര്‍ക്കിംഗും ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാനും പോലീസിന് സാധിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേര്‍ന്ന കനകക്കുന്ന് കൊട്ടാര വളപ്പില്‍ പ്രത്യേക സുരക്ഷാ സംവിധാനമാണ് ക്രമീകരിച്ചത്. സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിൽ നഗരത്തിലും കനകക്കുന്നിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.
ഉദ്യോഗസ്ഥരെ വിവിധ സെക്ഷനുകളായി തിരിച്ചായിരുന്നു പോലീസിന്റെ പ്രവര്‍ത്തനം. ഡോഗ് സ്‌ക്വാഡ് അടക്കം മുഴുവന്‍ ദിവസങ്ങളിലും സുരക്ഷ ഉറപ്പാക്കിയിരുന്നു. മ്യൂസിയം സി ഐ യുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പോലീസ് കണ്‍ട്രോള്‍ റൂം ഉദ്ഘാടന ദിനം മുതല്‍ സുസജ്ജമായി പ്രവര്‍ത്തിച്ചു.
ആദ്യദിനം മുതല്‍ നഗരത്തില്‍ സുരക്ഷയുടെ ഭാഗമായി വിവിധ ഭാഗങ്ങളിലായി 1500 ലധികം പോലീസുകാരെ വിന്യസിച്ചു. കനകക്കുന്നില്‍ മാത്രം 500 പോലീസുകാരെ മഫ്തിയിലും അല്ലാതെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ പോലീസുകാരെയടക്കം മഫ്തിയിലാണ് നിയോഗിച്ചത്. കനകക്കുന്നില്‍ പകുതിയോളം പോലീസുകാരും മഫ്തിയിലായിരുന്നു.
ഘോഷയാത്രയ്ക്ക് പ്രത്യേക സുരക്ഷ
ഓണം വാരാഘോഷത്തിന്റെ സമാപന ദിവസത്തിൽ നഗരത്തില്‍ ഒരുക്കിയ ഘോഷയാത്രയിൽ പ്രത്യേക സുരക്ഷയും ക്രമീകരണങ്ങളും പോലീസ് ഒരുക്കി. നഗരത്തില്‍ 1625 പോലീസുകാരെയാണ് ഘോഷയാത്രയ്ക്കു വേണ്ടി മാത്രം അധികമായി വിന്യസിച്ചത്.
ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ഓരോ ഫ്‌ളോട്ടിനൊപ്പവും എസ്.ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഘോഷയാത്ര കടന്നു പോയ പ്രദേശത്ത് ഒമ്പത് പോയിന്റുകളിലായി അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഒമ്പത് ആംബുലൻസുകളും മെഡിക്കല്‍ ടീമും മൂന്ന് റിക്കവറി വാഹനങ്ങളും പോലീസ് ഒരുക്കിയിരുന്നു.
പ്രത്യേക സിസിടിവി നിരീക്ഷണം
കനകക്കുന്നിലെ വിവിധ ഭാഗങ്ങളിലായി 40 ലേറെ സിസിടിവികളാണ് പോലീസ് ഒരുക്കിയിരുന്നത്. സിസിടിവി നിരീക്ഷണത്തിനായി പ്രത്യേക ടീം മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രധാന കവാടത്തില്‍ രണ്ട് മെറ്റല്‍ ഡിറ്റക്ടറും പോലീസ് ഒരുക്കി.
കനകക്കുന്നില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി മൂന്ന് ആംബുലന്‍സുകള്‍ പോലീസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു. ഇതില്‍ പോലീസ് ആംബുലന്‍സും തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ നേത്യത്വത്തിലുള്ള മെഡിക്കല്‍ വിംഗ് ആംബുലന്‍സും, 108 ആംബുലന്‍സും ഉണ്ടായിരുന്നു.