ജനത്തിരക്ക് നിയന്ത്രിച്ച് ഫ്ലോട്ടുകൾ എല്ലാവർക്കും അനുഭവവേദ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
കേരളീയ പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൂടുതൽ കലാരൂപങ്ങളും കരസേനയുടെ ബാന്റും വിവിധ സർക്കാർ വകുപ്പുകളുടെ ഫ്ലോട്ടുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇക്കുറി കൂടുതൽ വർ ണാഭമാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കരസേനയുടെ ബാൻഡ് ആദ്യമായാണ് ഘോഷയാത്രയുടെ ഭാഗമാകുന്നത്.
ജനത്തിരക്ക് നിയന്ത്രിച്ച് ഫ്ലോട്ടുകൾ എല്ലാവർക്കും അനുഭവവേദ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓണം വാരാഘോഷ സമാപന ദിനമായ സെപ്റ്റംബർ 9ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന
ഘോഷയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ഗവ.ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത സംഘാടക സമിതിയുടേയും വോളണ്ടിയേഴ്സിന്റെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ വകുപ്പുകളുടെ 59 ഫ്ലോട്ടുകൾ,91 കലാരൂപങ്ങൾ, 51 പ്രാദേശിക കലാസംഘങ്ങൾ, ആർമി ബാൻഡ്, സ്കേറ്റിംഗ് തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും.
പാങ്ങോട് ഇന്ത്യൻ ആർമി ക്യാമ്പിന്റെ ബാൻഡ് ഇത്തവണ ഘോഷയാത്രയുടെ പ്രത്യേകതയാണ്.ആർമിയുടെ ആയുധശേഖര പ്രദർശനം കനകക്കുന്നിൽ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജനങ്ങൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഉണ്ടാകും. ഘോഷയാത്ര കുറ്റമറ്റതാ ക്കുന്നതിനു വിപുലമായ തയ്യാറെടുപ്പുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു
ഓരോ ഫ്ലോട്ടിനൊപ്പവും ഒരു വോളണ്ടിയർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ, വകുപ്പിൽ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥർ എന്നിവരുണ്ടാകും.
ഇരുപത്തി അഞ്ച് ഫ്ലോട്ടുകളെ ഉൾപ്പെടുത്തി ഒരു ക്ലസ്റ്റർ രൂപീകരിക്കും. കലാരൂപങ്ങൾ ഉൾപ്പെടെയുള്ളവയെ ആറ് ക്ലസ്റ്ററുകളായി തിരിക്കും. ഓരോ ക്ലസ്റ്ററിന്റെയും ചുമതല എസ്.ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കും. ഇതിനായി ആറു ക്ലസ്റ്റർ ഹെഡുകൾ അടക്കം 150തി ലധികം വളണ്ടിയേഴ്‌സ് ഘോഷയാത്രയുടെ ഭാഗമാകും.
പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഘോഷയാത്ര സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
വോളണ്ടിയേഴ്സിനുള്ള നിർദ്ദേശങ്ങളും മന്ത്രി യോഗത്തിൽ നൽകി. യോഗത്തിൽ ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ഡി.കെ മുരളി എംഎൽഎ,ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, കൺവീനർ ഡി ജഗദീശ് , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വോളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.