മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് (ബികെസി) ഷോറൂം പ്രവർത്തനം തുടങ്ങിയത്. നിലവിൽ രണ്ട് വേരിയന്റുകളിലായി മോഡൽ വൈ മാത്രമേ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുള്ളൂ. റിയർ-വീൽ ഡ്രൈവ് ഓൺ-റോഡ് 61,07,190 രൂപ മുതലാണ് വില. ലോംഗ് റേഞ്ച് റിയർ-വീൽ ഡ്രൈവിന് 69,15,190 രൂപ മുതലും ആരംഭിക്കുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ടെസ്‌ല തങ്ങളുടെ ആദ്യത്തെ എക്സ്പീരിയൻസ് സെന്റർ ആരംഭിച്ചത്. കോടീശ്വരനായ എലോൺ മസ്‌കാണ് ടെസ്ലയുടെ ഉടമ. ഈ വർഷം ഫെബ്രുവരിയിൽ, എലോൺ മസ്‌ക് വാഷിംഗ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഷോറൂം തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച, അന്ധേരിയിലെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ (ആർടിഒ) നിന്ന് ടെസ്‌ലയ്ക്ക് അനുമതി നൽകി.