ആലപ്പുഴയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഇഴയുകയാണ്. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവ ആരംഭിച്ചത്. നഗരത്തിലെ 300 ഇടത്തോടുകളിൽ പകുതിയിലധികം വൃത്തിയാക്കാനുണ്ട്. പ്രധാന തോടുകളായ പുന്നമട, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി തുടങ്ങിയവയുടെ ശുചീകരണം പൂർത്തിയായിട്ടില്ല. റെയിൽവേ സ്റ്റേഷനടുത്തുള്ള ഇലവഞ്ഞിക്കൽ തോടിന്റെ പണി തുടങ്ങിയിട്ടുമില്ല. മഴ കനക്കുന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. നഗരസഭയുടെ അവകാശവാദം അനുസരിച്ച് കാനകളുടെ മുക്കാൽ ഭാഗം ജോലികൾ പൂർത്തിയായിട്ടുണ്ട്. മഴ തടസ്സമുണ്ടാക്കുന്നുണ്ടെങ്കിലും, മഴയെത്തും മുൻപേ തീർക്കേണ്ടിയിരുന്ന ജോലികൾ വൈകിയതിൽ വ്യാപക വിമർശനമുയരുന്നുണ്ട്.