ദില്ലി: മുൻകൂറായി പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികൾ നിയമവിധേയമാക്കുന്നത് തടഞ്ഞ മുൻ വിധി സുപ്രീംകോടതി തിരിച്ചെടുത്തു. നിർമാണത്തിനു ശേഷം പദ്ധതികൾക്കോ കെട്ടിടങ്ങൾക്കോ പരിസ്ഥിതി അനുമതി നൽകാൻ സർക്കാരിന് അധികാരമില്ലെന്ന വനശക്തി വിധിയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ബെഞ്ച് പിൻവലിച്ചത്. പരിസ്ഥിതി അനുമതി വാങ്ങാതെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് പിന്നീട് അനുമതി നൽകാൻ ഇടം നൽകിയ സർക്കാർ വിജ്ഞാപനം ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയ്യാൻ എന്നിവർ അടങ്ങിയ രണ്ടംഗ ബഞ്ചാണ് ഈ വർഷം മേയിൽ റദ്ദാക്കിയത്. ഇതിനതിരെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ സംഘടന നൽകിയ റിവ്യൂ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായി, ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് രണ്ടംഗ ബെഞ്ചിൻ്റെ വിധി പിൻവലിച്ചത്.
നിയമപ്രകാരമല്ലാത്ത കെട്ടിടങ്ങൾക്ക് പിന്നീട് അനുമതി നൽകാനുള്ള സാഹചര്യം ഇല്ലെങ്കിൽ ഇവയെല്ലാം പൊളിക്കേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിസ്ഥിതിക്ക് കനത്ത ആഘാതം ഉണ്ടാക്കും. സന്നദ്ധ സംഘടനയായ വനശക്തി നൽകിയ ഹർജിയിലെ വിധിയിൽ ഈ വർഷം മെയ് വരെ നൽകിയ അനുമതികൾ കോടതി അംഗീകരിച്ചിരുന്നു. ഇത് വിവേചനമാണെന്നും നിരവധി കെട്ടിടങ്ങൾ പൊളിക്കുന്ന സാഹചര്യം അഭിലഷണീയമല്ലെന്നും മൂന്നംഗ് ബെഞ്ച് ഇന്നത്തെ വിധിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ വിയോജിച്ചതിനാൽ ഭൂരിപക്ഷ അടിസ്ഥാനത്തിലാണ് കോടതി തീർപ്പ് കൽപ്പിച്ചത്. പരിസ്ഥിതി അനുമതി പിന്നീട് നൽകുന്ന രീതി നിയമലംഘനത്തിന് പ്രോത്സാഹനമാകുമെന്ന് ജസ്റ്റിസ് ഉജ്ജ്വൽ ഭുയ്യൻ്റെ ന്യൂനപക്ഷ വിധിയിൽ ചൂണ്ടിക്കാട്ടി.

