വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ എട്ടാം ദിനത്തിലേക്ക്. ദുരന്തത്തില്‍ പകുതിയോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള തിരച്ചിലും ഇന്ന് തുടരും. രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. ഇതുവരെ 400 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്.
ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തകരുടെ എണ്ണം പാസ് ഉപയോഗിച്ച് നിയന്ത്രിച്ചിരുന്നു. ആള്‍ക്കാര്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണം എന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. അതേസമയം ഇന്നത്തെ തിരച്ചിലിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും എന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇവിടെ നേരത്തെ പരിശോധന നടത്താനായിരുന്നില്ല. വ്യോമസേന ഹെലികോപ്ടറിന്റെ സഹായത്തില്‍ ദൗത്യസംഘത്തെ ഇവിടെ എത്തിക്കും. സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും തിരച്ചില്‍. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, നാല് എസ് ഒ ജിയും ആറ് ആര്‍മി സൈനികര്‍ എന്നിവര്‍ അടങ്ങുന്ന 12 അംഗ സംഘമാണ് തിരച്ചില്‍ നടത്തുക.