April 28, 2024

Login to your account

Username *
Password *
Remember Me

വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം; കേരളത്തിന്റെ നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ

ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാര മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അഭിമാനംകൊള്ളിക്കുന്നതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വർണാഭമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ മേഖലയിൽ നാഷണൽ ഹെൽത്ത് കെയർ - ആരോഗ്യ മന്ഥൻ പുരസ്‌കാരങ്ങൾ, ആശുപത്രികൾക്കു ലഭിച്ച നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്.) സർട്ടിഫിക്കറ്റ്, ഗ്ലോബൽ റെസ്പോൺസിബിൾ ടൂറിസം പുരസ്‌കാരം, സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡെക്സ്(പി.ഐ.ജി.) റിപ്പോർട്ടിൽ രണ്ടാം സ്ഥാനം എന്നിവ കേരളം നേടിയത് അഭിമാനം കൊള്ളിക്കുന്നതാണെന്നു റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. അഞ്ചു വർഷത്തിനിടെ 13.5 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽനിന്നു കരയേറ്റാനും 78 ലക്ഷത്തിലധികം വീടുകൾ നിർമിക്കാനും രാജ്യത്തിനു കഴിഞ്ഞതിൽ പി.എം.എ.വൈ - ലൈഫ് മിഷൻ വഴി മൂന്നര ലക്ഷം വീടുകൾ നൽകാൻ കേരളത്തിനു കഴീഞ്ഞു. ലോകത്തെ മൂന്നാമത്തെ വലുതും 340 ബില്യൺ യു.എസ്. ഡോളറിന്റെ മൂല്യവുമുള്ളതാണ് ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം. സംസ്ഥാനങ്ങൾക്കിടയിലെ സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഒരു സംസ്ഥാനമായി കേരളം ഈ നേട്ടത്തിനു സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്.


സമ്പൂർണ ഇ-ഗവേണൻസ്, യോഗ്യതയുള്ള എല്ലാവർക്കും ഡിജിറ്റൽ ബാങ്കിങ് പ്രാപ്തമാക്കൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു ക്ഷേമനിധി, ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിലെ ഒന്നാം സ്ഥാനം, അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിലെ നേട്ടം തുടങ്ങിയവ വിവിധ മേഖലകളിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ കേരളത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. പരസ്പര ബഹുമാനത്തിന്റെയും മനസിലാക്കലിന്റെയും അടിസ്ഥാനത്തിൽ ക്രിയാത്മക പൊതുസംവാദം നടക്കുന്ന ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ഇത്തരമൊരു ഉന്നത വിജയം നേടിയ സംസ്ഥാനത്തെ ജനങ്ങൾക്കു നിർബന്ധമാണ്.


വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ അതു ശാരീരികമോ വാക്കാലുള്ളതോ ആയ അക്രമത്തിലേക്ക് അധഃപ്പതിക്കുന്നതു ജനാധിപത്യത്തെ വഞ്ചിക്കുന്നതും പരാജയത്തിന്റെ പ്രതീകവുമാണ്. എതിർപക്ഷവുമായുള്ള ശത്രുതയും അധികാരത്തിനായുള്ള ആഭ്യന്തര കലഹങ്ങളും ഭരണത്തെ ബാധിക്കാൻ അനുവദിക്കുത്. അത് ഭാവി തലമുറയ്ക്കു മുന്നിൽ മോശം മാതൃക സൃഷ്ടിക്കുന്നതാകും. മുൻവിധികളിൽനിന്നു മനസിനെ ശുദ്ധീകരിക്കാനും ജീവിതത്തിനു ദിശാബോധം നൽകാനുമുള്ള ഒരേയൊരു മാർഗം വിദ്യാഭ്യാസമാണ്. അക്കാദമിക അന്തരീക്ഷം മലിനമാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്ന ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമായതും പൂർണ സ്വയംഭരണാധികാരമുള്ളതുമായ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിന് ആവശ്യമാണ്. കൂടുതൽ പൗരബോധവും സഹാനുഭൂതിയും പാരസ്പര്യവും സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രം പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോൾ സ്വീകാര്യ മനോഭാവം നമ്മിൽ ദൃഢമായി വളർത്തണം. നാം എല്ലാവരും മനുഷ്യരാണ്. എന്നാൽ കൂടുതൽ മനുഷ്യത്വമുള്ളവരായി മാറേണ്ടതു പ്രധാനമാണ്. ശരിയായ വിദ്യാഭ്യാസത്തിലൂടെയും സന്മാർഗങ്ങളിലൂടെയും മനുഷ്യനു സൂപ്പർമാനായും മനസിനു സൂപ്പർ മൈൻഡായും മാറാൻ കഴിയുമെന്നും ഗവർണർ പറഞ്ഞു.


ജി-20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ പദവി ഉയർത്തിയതായി ഗവർണർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള 76 വർഷങ്ങൾകൊണ്ടു മനുഷ്യ ക്ഷേമത്തിനും പുരോഗതിക്കുമായി രാജ്യം നടത്തിയ പരിശ്രമങ്ങൾ അത്യപൂർവ വിജയമുണ്ടാക്കി. ചന്ദ്രയാൻ നേട്ടവും മിഷൻ ഗഗൻയാൻ, ആദിത്യ എൽ-വൺ വിജയവുമെല്ലാം രാജ്യത്തിന്റെ അഭിമാന നേട്ടങ്ങളാണ്. പാർലമെന്റ് പാസാക്കിയ നാരീ ശക്തി വന്ദൻ നിയമം സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രതിബദ്ധതയുടെ സ്ഥിരീകരണമാണ്. കോവിഡ് മഹാമാരിയെ അതിജീവിച്ച രാജ്യം പ്രതിരോധം, ഉത്പാദനം, കയറ്റുമതി മേഖലകളിൽ വലിയ കുതിച്ചുചാട്ടം കൈവരിച്ചു. രാജ്യത്തിന്റെ പ്രതിരോധ ഉത്പാദനം ഒരു ലക്ഷം കോടി രൂപ കടന്നു. പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന 16,000 കോടി രൂപ എന്ന നിലയിലെത്തി. വന്ദേ ഭാരത് ട്രെയിൻ, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ മെയ്ക് ഇൻ ഇന്ത്യയുടെ വിജയം ദൃശ്യമാണ്. കൊച്ചി കപ്പൽ ശാലയിലെ ഡ്രൈഡോക്കും ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയും മേക്ക് ഇൻ ഇന്ത്യയുടെ വിജയത്തിൽ കേരളത്തിന്റെ സംഭാവനയാണെന്നും ഗവർണർ പറഞ്ഞു.


സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രൗഢമായ പരേഡും നടന്നു. പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് സതേൺ എയർ കമാൻഡ് കമ്യൂണിക്കേഷൻ ഫ്ളൈറ്റ് സ്‌ക്വാഡ്രൺ ലീഡർ സെയ്ക് ഫറൂക് ആയിരുന്നു പരേഡ് കമാൻഡർ. കരസേന മറാത്ത ലൈറ്റ് ഇൻഫൻട്രി യൂണിറ്റ് 23 ക്യാപ്റ്റൻ പ്രദീപ് കുമാർ സെക്കൻഡ് ഇൻ കമാൻഡ് ആയി. സായുധ വിഭാഗത്തിൽ കരസേന, വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, മലബാർ സ്പെഷ്യൽ പൊലീസ്, സ്പെഷ്യൽ ആംഡ് പൊലീസ്, കേരള ആംഡ് വിമൻ പൊലീസ് ബെറ്റാലിയൻ, ഇന്ത്യാ റിസർവ് ബെറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ജയിൽ വകുപ്പ്, എക്സൈസ് വകുപ്പ്, വനം വകുപ്പ് എന്നിവരുടെ ഒരു പ്ലറ്റൂൺ വീതവും സായുധേതര വിഭാഗത്തിൽ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, സൈനിക് സ്‌കൂൾ, എൻസിസി സീനിയർ ഡിവിഷൻ(ബോയ്സ്), എൻ.സി.സി. സീനിയർ വിങ് (ഗേൾസ്), എൻ.സി.സി. സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, എൻ.സി.സി. സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ബോയ്സ്, ഗേൾസ് വിഭാഗങ്ങൾ, ഭാരത് സ്‌കൗട്ട്സ്, ഭാരത് ഗൈഡ്സ്, സംസ്ഥാന പൊലീസിന്റെ അശ്വാരൂഢ സേന എന്നിവരുടെ ഒരു പ്ലറ്റൂൺ വീതവും പരേഡിൽ അണിനിരന്നു. കരസേന, തിരുവനന്തപുരം സിറ്റി പൊലീസ്, ആംഡ് പൊലീസ് ബെറ്റാലിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള ബാൻഡും പരേഡിനു മിഴിവേകി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.