കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ അഭിമാനം പദ്ധതിയുടെ 2023 - 24 വർഷത്തെ പ്രവർത്തനങ്ങൾക്കായി 13,56,93,347 കോടി നീക്കി വച്ച് തദ്ദേശ സ്ഥാപനങ്ങൾ. 6.64 കോടി രൂപ തൊഴിലന്വേഷകർക്കുള്ള നൈപുണ്യ വികസന പരിശീലനത്തിനും 4.57 കോടി രൂപ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതിനും 2,34കോടി രൂപ ഫെസിലിറ്റേഷൻ സെന്ററിനുമായാണ് വിനിയോഗിക്കുക. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നുമാണ് തുക ഉപയോഗിക്കുക.
ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ആണ് പദ്ധതി തുക നേരിട്ട് ചെലവഴിക്കുന്നത്. നൈപുണ്യ പരിശീലനം, തൊഴിൽമേളകൾ, ഫെസിലിറ്റേഷൻ സെന്റർ, വർക്ക് നിയർ ഹോം എന്നിങ്ങനെ നാല് പദ്ധതികൾക്കാണ് ഫണ്ട് ഉപയോഗപ്പെടുത്തുക. പ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള സാങ്കേതിക ഉപദേശവും സഹായവും നോളെജ് ഇക്കോണമി മിഷൻ നൽകും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, കോർപറേഷൻ ഉൾപ്പെടെ 225 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് നൈപുണ്യ പരിശീലനത്തിന് 2023-24 വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുള്ളത്. തൊഴിലന്വേഷകരുടെ യോഗ്യതയുടെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ നൈപുണ്യവും വൈദഗ്ധ്യവും വർധിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകുന്നതാണ് നൈപുണ്യ വികസന പരിപാടികൾ.
94 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തൊഴിൽ മേളയ്ക്കും 113 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫെസിലിറ്റേഷൻ സെന്ററിനും തുക വകയിരുത്തിയിട്ടുണ്ട്. എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 പദ്ധതിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനും തൊഴിലന്വേഷകരുമായി സംവദിക്കുന്നതിനും കമ്മ്യൂണിറ്റി അംബാസിഡർക്ക് ഇരുന്ന് പ്രവർത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കേണ്ട സ്ഥിരം ഓഫീസാണ് ഫെസിലിറ്റേഷൻ സെന്റർ. വിജ്ഞാന തൊഴിൽ ചെയ്യുന്നവർക്ക് സമീപ പ്രദേശത്ത് തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങൾ ഒരുക്കുന്ന വർക്‌നിയർ ഹോം സംവിധാനത്തിനായി നാല് പഞ്ചായത്തുകൾ തയ്യാറായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കല്പകഞ്ചേരി, കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം, കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്തുകളാണ് വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിനായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രാഫിക് ഡിസൈനിങ്, ആൻഡ്രോയിഡ് പ്രോഗ്രാമിംഗ് തുടങ്ങിയ ഐടി കോഴ്‌സുകൾക്കും ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രാഫി, നോൺ ലീനിയർ എഡിറ്റിംഗ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പി, പ്രഫഷണൽ കോഴ്‌സ് ഇൻ ജി എസ് ടി, ഇൻറീരിയർ ഡിസൈനിങ്, വെബ് & യു ഐ ഡിസൈനിങ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് തുടങ്ങി നൂതന തൊഴിലുകൾ ആവശ്യപ്പെടുന്ന സ്‌കില്ലിങ് കോഴ്‌സുകളും നൈപുണ്യ വികസന പരിശീലന കോഴ്‌സുകളിൽ ഉൾപ്പെടുന്നു.
നോളെജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്ത പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസ്സ് പൂർത്തിയാക്കിയവർക്കാണ് നോളെജ് മിഷന്റെ പരിശീലനങ്ങളിലും തൊഴിൽമേളകളിലും പങ്കെടുക്കാനാകുക. സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും വിജ്ഞാന തൊഴിലിലേക്ക് എത്താൻ സഹായകമാകുന്ന തരത്തിലാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് പരിശീലനങ്ങൾ നടപ്പാക്കുന്നത് എന്നതിനാൽ നൈപുണ്യ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കിത് മികച്ചൊരു സാധ്യതയാണ്.
നൈപുണ്യ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന, പട്ടികജാതി- പട്ടികവർഗം, ട്രാൻസ് ജെൻഡർ, മത്സ്യത്തൊഴിലാളികൾ, വിധവകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് സബ്‌സിഡിക്ക് അർഹതയുണ്ട്. സബ്‌സിഡി പരമാവധി 20000 രൂപ വരെ നോളെജ് ഇക്കോണമി മിഷൻ നൽകും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങളും നൽകേണ്ടതാണ്. പരിശീലന പരിപാടിയുടെ യൂണിറ്റ് കോസ്റ്റ് നോളെജ് മിഷൻ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. നോളെജ് ഇക്കോണമി മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിശീലന പരിപാടികൾക്ക് മാത്രമാണ് സബ്‌സിഡി ലഭ്യമാകുക. മിഷൻ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങൾ വഴിയാണ് നൈപുണ്യ വികസന പരിശീലനം നൽകേണ്ടത്. എല്ലാ തലത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഈ പദ്ധതി ഏറ്റെടുക്കാവുന്നതാണ്.
ഗ്രാമപഞ്ചായത്തുകൾക്ക് പരമാവധി 2 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്ക് 4 ലക്ഷം രൂപയും കോർപ്പറേഷനുകൾക്ക് ആറ് ലക്ഷം രൂപയും തൊഴിൽമേളകൾക്കായി ചെലവിടാം. നൈപുണ്യ വികസന പരിപാടികളുടെയും തൊഴിൽമേളയുടെയും നടത്തിപ്പ് ചുമതല തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ഫെസിലിറ്റേഷൻ സെൻറർ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളുടെ ചുമതല ആവശ്യമെങ്കിൽ അസി. എഞ്ചിനീയർമാർക്കുമായിരിക്കും.