May 16, 2024

Login to your account

Username *
Password *
Remember Me

ഇവിടെ ഒരുങ്ങുന്നു ഒരു ഡ്രാഗണ്‍ ഫ്രൂട്ട് ഗ്രാമം

dragon fruit farming in kerala dragon fruit farming in kerala
തിരു :പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലില്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികള്‍. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടര്‍ന്ന മഞ്ഞ കലര്‍ന്ന വെളുത്ത പൂക്കളും ചിലതില്‍ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തില്‍ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറില്‍ വിളയുന്ന ഡ്രാഗണ്‍ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു.
മെക്സിക്കയിലെ വരണ്ട മേഖലകളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ പഴവര്‍ഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചത്. നാടിന്റെ പലഭാഗത്തും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ഇപ്പോള്‍ ആരംഭിച്ചുകഴിഞ്ഞു. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഒരു ഹെക്ടറിന് 30,000 രൂപ സബ്‌സിഡിയും നല്‍കുന്നുണ്ട്. തണ്ണിച്ചാലിലെ കൗതുകമുണര്‍ത്തുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിടം കെ. വിജയന്‍ എന്ന കര്‍ഷകന്റേതാണ്. വെള്ള, മഞ്ഞ, ചുമപ്പ് എന്നീ നിറങ്ങളിലെ ഡ്രാഗണ്‍ പഴങ്ങള്‍ വര്‍ഷങ്ങളായി അദ്ദേഹം വിളവെടുക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത് നല്ല വിളവ് ലഭിച്ചതോടെ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുകയായിരുന്നു എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. 60 സെന്റി മീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്തു മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു കുഴി നിറച്ച് തൈകള്‍ നടാം. ഏഴ് അടി നീളവും നാലടി കനവുമുള്ള കോണ്‍ക്രീറ്റ് കാലുകളില്‍ ചെടിയുടെ വള്ളികള്‍ നന്നായി പടര്‍ന്നു കയറും. ഓരോ താങ്ങു കാലിനും മുകളിലായി ക്രോസ് ബാറിലോ, ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയര്‍ വീതം സ്ഥാപിക്കണം. വള്ളികള്‍ ടയറിനുള്ളിലൂടെ വളര്‍ന്നു താഴെക്ക് തൂങ്ങുന്ന വിധത്തിലാക്കണം. ഇങ്ങനെ വളരുന്ന വള്ളികളുടെ തുമ്പിലായി പൂക്കള്‍ വിടരും. അവ ഏകദേശം ഒരു മാസമാകുമ്പോള്‍ കായ്കളായി മാറും. ഏപ്രില്‍ മാസത്തിലെ വേനല്‍ മഴയില്‍ മോട്ടിടുന്ന പൂക്കള്‍ ഒക്ടോബറില്‍ വിളവെടുക്കാന്‍ പാകത്തില്‍ പഴങ്ങളാകും. ഒരു വര്‍ഷത്തില്‍ ആറു തവണ വരെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് സാധ്യമാകും. മൂന്നു വര്‍ഷം പ്രായമായ ചെടിയില്‍ 25 ഓളം പഴങ്ങളുണ്ടാകും. വര്‍ഷം കഴിയും തോറും കായ്ഫലം കൂടുമെന്നതാണ് കര്‍ഷകരുടെ അനുഭവം. ഒരു ഫ്രൂട്ടിന് ശരാശരി 400 ഗ്രാം തൂക്കമുണ്ടാകും. ഒരു ചെടിക്ക് 25 വര്‍ഷത്തിലേറെ ആയുസുമുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ചെടികളില്‍ കീടബാധ കുറവാണെന്നതും കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. കള്ളിമുള്‍ വര്‍ഗത്തില്‍പെട്ടതിനാല്‍ വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. രാത്രി കാലങ്ങളില്‍ വിടരുന്ന വെളുത്ത ഡ്രാഗണ്‍ പൂക്കള്‍ സുഗന്ധ പൂരിതമാണ്. നയന സുന്ദരമായ കാഴ്ച കാണാനും 'പുത്തന്‍' പഴം രുചിക്കാനും ദിവസവും നിരവധി പേര്‍ തണ്ണീര്‍ച്ചാലിലെ ഈ ഡ്രാഗണ്‍ തോട്ടത്തിലെത്താറുണ്ട്. ചുരുങ്ങിയ സ്ഥലത്ത് വലിയ ആദായം കിട്ടുന്ന ഒരു കൃഷിയാണിത്. വീടുകളുടെ മട്ടുപ്പാവില്‍പ്പോലും വിജയകരമായി കൃഷി ചെയ്യാം. വളരെ പോഷക ഗുണങ്ങളുള്ള പഴമായതിനാല്‍ കേരളത്തില്‍ത്തന്നെ വലിയ വിപണന സാധ്യത കര്‍ഷകര്‍ മുന്നില്‍ കാണുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയെ പ്രത്സാഹിപ്പിക്കാന്‍ പാങ്ങോട് ഗ്രാമപഞ്ചായത് വിവിധ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. എല്ലാ വീട്ടിലും ഒരു ഡ്രാഗണ്‍ ചെടിയെങ്കിലും വളര്‍ത്തി കേരളത്തിലെ ആദ്യത്തെ ഡ്രാഗണ്‍ ഫ്രൂട്ട് പഞ്ചായത്താകാന്‍ തയാറെടുക്കുകയാണ് പ്രദേശം. ഇതിനോടകം വിവിധ വാര്‍ഡുകളില്‍ കൃഷി ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ പുതിയ മാറ്റത്തിന്റെ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഈ ഡ്രാഗണ്‍ പഴങ്ങള്‍.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.