കൊച്ചി: കേരളത്തിനും ലോകമൊട്ടാകെയുള്ള മലയാളികൾക്കും ഫുട്ബോളിനോടുള്ള അവരുടെ തീവ്രമായ സ്നേഹത്തിനുമുള്ള നന്ദിസൂചകമായി ലയണൽ മെസ്സിയുടെ കയ്യൊപ്പുള്ള ജേഴ്‌സി മുഖ്യമന്ത്രിക്ക്. ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക സ്പോൺസറായ ബൈജൂസാണ് മുഖ്യമന്ത്രി പിണറായി വിജയന് ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ ജേഴ്‌സി സമ്മാനിച്ചത്.
ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണൻ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ജേഴ്‌സി കൈമാറി.
ഫിഫ വേൾഡ് കപ്പ് മത്സരത്തിനും ടീമിനും കളിക്കാർക്കും കേരളത്തിലെ ഫുട്‍ബോൾ ആരാധകർ നൽകിയ പിന്തുണ ലോകശ്രദ്ധ നേടിയതാണ്. കേരളത്തിന് അർജന്റീന ഫുട്‍ബോൾ അസോസിയേഷനും പ്രത്യേകം നന്ദി പറഞ്ഞത് സംസഥാനത്തിൻ്റെ ഫുട്‍ബോൾ ആവേശത്തിന് ഏറെ തിളക്കമേകി.
മലയാളി എന്ന പേരിൽ അഭിമാനിക്കാനും ആഹ്ളാദിക്കാനും ആഘോഷിക്കാനും ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ചാണ് ഫിഫ ലോകകപ്പ് 2022 അവസാനിച്ചത് എന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പറഞ്ഞു.
ബൈജൂസിൻ്റെ 'എജ്യുക്കേഷൻ ഫോർ ഓൾ' എന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ അംബാസഡറാണ് മെസ്സി. ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ 55 ലക്ഷം കുട്ടികളിലേയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം സൗജന്യമായി എത്തിക്കുകയാണ് ബൈജൂസ് ചെയ്യുന്നത്.