ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന 'സൂപ്പര്‍ ആപ്പ്' പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളിലാണ് ഐആര്‍സിടിസി. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ഭക്ഷണ ബുക്കിംഗ് എന്നിങ്ങനെ അനവധി സേവനങ്ങള്‍ ഒരു ആപ്പിലേക്ക് എത്തിക്കാനാണ് റെയില്‍വേ സൂപ്പര്‍ ആപ്പ് വഴി ശ്രമിക്കുന്നത്.
നിലവില്‍ ഒരു ഡസനിലേറെ മൊബൈല്‍ ആപ്ലിക്കേഷനുകളിലായി നടക്കുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ തത്സമയ ട്രാക്കിംഗ് എന്നിങ്ങനെയുള്ള എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായിരിക്കും പുറത്തിറങ്ങുകയെന്ന് ഇക്കണോമിക് ടൈംസ് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. റെയില്‍വെയുടെ ഐടി സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന് ആണ് ആപ്പ് നിര്‍മിക്കാനുള്ള ചുമതല. ഏതാണ്ട് 90 കോടി രൂപ ചിലവിട്ടാണ് ഇന്ത്യന്‍ റെയില്‍വേ സൂപ്പര്‍ ആപ്പ് നിര്‍മിക്കുന്നത് എന്നാണ് സൂചന.