May 19, 2024

Login to your account

Username *
Password *
Remember Me

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സജ്ഞയ് കൗൾ പറഞ്ഞു. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231 ബൂത്തുകളിലായി (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. നിലവിൽ വോട്ടിങ് മെഷീനുകൾ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ (എആർഒ) കസ്റ്റഡിയിൽ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.


2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡൽ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന(എഫ്എൽസി) പൂർത്തിയാക്കി തിരഞ്ഞെടുത്ത് സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിന് മുമ്പ് യൂണിറ്റുകൾ പരിശോധിക്കുന്ന പ്രക്രിയയാണ് എഫ്എൽസി. എഫ്എൽസി പാസായ ഇവിഎമ്മുകൾ മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കൂ. ദേശീയ, സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് എഫ്എൽസി നടത്തുന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ വെച്ച് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) അംഗീകൃത എഞ്ചിനീയർമാരാണ് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും ആദ്യതല പരിശോധന നടത്തിയത്. എഫ് എൽ സിക്ക് ശേഷം തിരഞ്ഞെടുത്ത യൂണിറ്റുകൾ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.


തുടർന്ന് അസംബ്ലി മണ്ഡലം തിരിച്ച് ഇവിഎം അനുവദിക്കുന്നതിന് ഒന്നാംഘട്ട റാൻഡമൈസേഷൻ മാർച്ച് 27നാണ് നടന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം (ഇഎംഎസ്) വഴിയാണ് ഒന്നാംഘട്ട റാൻഡമൈസേഷൻ നടത്തിയത്. വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും സീരിയൽ നമ്പറുകൾ ഇഎംഎസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് റാൻഡമൈസേഷൻ നടത്തിയ ശേഷം ഇവയുടെ സീരിയൽ നമ്പർ അടങ്ങിയ പ്രിന്റ് ഔട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും കൈമാറിയിരുന്നു.


ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ ഇന്ന് നടന്നതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഓരോ പോളിംഗ് ബൂത്തിലും ഉപയോഗിക്കുന്ന ഇവിഎമ്മുകളുടെ തനത് ഐഡി നമ്പർ അടങ്ങിയ പട്ടിക മത്സരിക്കുന്ന സ്ഥാനാർഥികൾക്കും അവരുടെ ഏജന്റുമാർക്കും നൽകിയിട്ടുണ്ട്.
 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.