April 27, 2024

Login to your account

Username *
Password *
Remember Me

ഭിന്നശേഷിക്കാർക്കായി കൈവരികളുള്ള നടപ്പാതകൾ നിർമിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തു റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള നടപ്പാതകൾ തയാറാക്കിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും ചർച്ച ചെയ്യുന്നതിനും പുതിയ നിർദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി മുഖ്യമന്ത്രി ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഭിന്നശേഷി വിഭാഗത്തിൽനിന്നുള്ളവരുടെ സാധാരണ ജീവിതം സാധ്യമാക്കുന്നതിനുള്ള സർക്കാർ ഇടപെടലുകൾ സംബന്ധിച്ച ഗൗരവമായ ചർച്ചകളും അഭിപ്രായ നിർദേശങ്ങളുംകൊണ്ടു സമ്പന്നമായിരുന്നു മുഖാമുഖം.


ഭിന്നശേഷിക്കാരുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ സർക്കാർ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിന്റെ കരട് ബൈലോ തയാറായിട്ടുണ്ട്. തുടർ ചർച്ചകൾക്കു ശേഷം ആവശ്യമായ നടപടിയെടുക്കും. ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉത്പന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിന് അവയുടെ ഗുണനിലവാരം ഉറപ്പാക്കി ബ്രാൻഡിങ് നടത്തണം. ഭിന്നശേഷി സ്വയംസഹായ സംഘങ്ങൾ മുഖേന ഇവ വിപണിയിലെത്തിക്കാനും കഴിയും. സർക്കാർ സ്ഥാപനങ്ങൾ വഴിയും പൊതുവിതരണ കേന്ദ്രങ്ങൾ വഴിയും ഇത്തംരം ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ കഴിയുമോയെന്ന ആലോചനയും നടക്കുന്നുണ്ട്.


ഭിന്നശേഷിക്കാർക്കു പ്രത്യേക വകുപ്പ് ഇല്ലെങ്കിലും അവരുടെ ക്ഷേമപദ്ധതികൾ സർക്കാർ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഭിന്നശേഷിക്കാർക്കു സർക്കാരിൽ പ്രത്യേക വകുപ്പ് വേണമെന്ന നിർദേശത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതി വകുപ്പാണ് ഇത്തരം കാര്യങ്ങൾ നിലവിൽ കൈകാര്യം ചെയ്യുന്നത്. പുതിയ വകുപ്പ് എന്ന ആവശ്യം കാലത്തിനു വിടാം. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷി സംവരണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും നിയമപരമായി കഴിയാത്ത സാഹചര്യമുണ്ടെന്ന് ഇതു സംബന്ധിച്ച നിർദേശത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിൽ ഭിന്നശേഷിക്കാർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മികച്ച തൊഴിൽദാതാവിനു സർക്കാർ ഭിന്നശേഷി പുരസ്‌കാരം സർക്കാർ നൽകുന്നുണ്ട്. കൂടുതൽ ഭിന്നശേഷിക്കാർക്കു തൊഴിൽ നൽകുന്നവർക്ക് ഇൻസെന്റീവ് നൽകുന്നതു പരിഗണിക്കും. സ്വകാര്യ മേഖലയിൽ ഭിന്നശേഷിക്കാർക്കു സാധ്യതകൾ നൽകുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇടപെടലുകളാണ് ഇവ.


ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖ ലഭിക്കുന്നതു സംബന്ധിച്ച വിഷയവും മുഖാമുഖത്തിൽ ചർച്ചയായി. യുഡിഐടി കാർഡ് പദ്ധതി നടപ്പാക്കാത്തവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കാർഡ് ലഭിക്കുന്നതിനു സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ വഴി പ്രത്യേക ഡ്രൈവ് നടപ്പാക്കുന്നുണ്ട്. ആരോഗ്യ, തദ്ദേശ സ്വയഭരണ വകുപ്പുകളുടെ സഹകരണത്തോടെയും പ്രത്യേക ക്യാംപുകൾ സംഘടിപ്പിച്ച് തത്സമയം കാർഡുകൾ നൽകും. രജിസ്ട്രേഷൻ സംബന്ധിച്ച സാങ്കേതിക തടസം ഒഴിവാക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകും.


ഭിന്നശേഷിക്കാർക്കുള്ള അസിസ്റ്റിവ് ഡിവൈസസ് വിവരങ്ങൾ ഉൾക്കൊള്ളിച്ചു വെബ്സൈറ്റ് തയാറാക്കും. വിവിധ ഏജൻസികളുടെ സഹായത്തോടെ അസിസ്റ്റീവ് ഡിവൈസസ് നിർമിക്കുന്ന പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ അമ്മമാർക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന ‘സ്നേഹയാനം’ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് വ്യക്തിഗത വരുമാനം മാത്രം മാനദണ്ഡമാക്കണമെന്നുള്ള നിർദേശം ന്യായമാണെന്നുപറഞ്ഞ മുഖ്യമന്ത്രി ഇതിന്റെ സാധ്യത പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചു. ഭിന്നശേഷിക്കാർക്ക് ഏഴു ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾ വാങ്ങുമ്പോൾ നിലവിൽ നികുതി ഇളവ് നൽകുന്നുണ്ട്. ഇത് 15 ലക്ഷമാക്കണമെന്ന ആവശ്യം ഗൗരവമായി പരിശോധിക്കും. വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന വാതിൽപ്പടി സേവനം ശക്തമാക്കും.


പദ്ധതികളുടെ ആനുകൂല്യം യഥാർഥ ഗുണഭോക്താവിനുതന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ലൈഫ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇതിനു പകരമായി ആധാർ അധിഷ്ഠിത ഇലക്ട്രോണിക് മസ്റ്ററിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ ലഭിക്കുന്നത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഇത്തരം കേന്ദ്രങ്ങളിൽ നേരിട്ടെത്താനുള്ള അസൗകര്യം മനസിലാക്കി അക്ഷയ സംവിദാനം വീടുകളിലെത്തി മസ്റ്ററിങ് നടത്തുന്ന രീതി ആരംഭിക്കും.


രക്ഷിതാക്കൾ മരണപ്പെടുന്നതോടെ ഭിന്നശേഷി വിഭാഗത്തിലുള്ളവർ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണു ‘ഭിന്നശേഷി ഗ്രാമം’ പദ്ധതി ആരംഭിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ടാകും. പദ്ധതിക്കായി തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലകളിൽ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കു മുൻഗണനാ റേഷൻ കാർഡ് നൽകണമെന്ന ആവശ്യം ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നിരാലംബരായ കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ സാധനങ്ങളെത്തിക്കുന്നതിന് ‘ഒപ്പം’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. റേഷൻ കടകളിൽ നേരിട്ട് എത്താൻ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും ഇതിന്റെ പ്രയോജനം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ഭിന്നശേഷിയുള്ളവർക്കു വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നിയമ വ്യവസ്ഥയിലും വാഹന നിർമാണകാര്യത്തിലും അനുഭാവപൂർവമായ നടപടിയുണ്ടാകണമെന്നായിരുന്നു ഇരുകൈകളുമില്ലെങ്കിലും വാഹനം ഓടിക്കുന്നതിന് ഏഷ്യയിൽ ആദ്യമായി ലൈസൻസ് നേടിയ ജിലുമോൾ മാരിയറ്റിന്റെ നിർദേശം. ഇക്കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകി. ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണം നടത്തണമെന്നു ഡോ. ജയ ഡാളി നിർദേശിച്ചു. ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഭിന്നശേഷി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നു ഗിരീഷ് കീർത്തി അഭിപ്രായപ്പെട്ടു. ഗുരുതര മാനസിക, ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ ആജീവനാന്ത സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു എ.എസ്. ജോബിയുടെ നിർദേശം. ഇവരടക്കം സമൂഹത്തിന്റെ നാനാതുറകളിൽനിന്നു ഭിന്നശേഷി വിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള നിരവധി പേർ കൂടിക്കാഴ്ചയിൽ അഭിപ്രായങ്ങൾ നേരിട്ട് അറിയിച്ചു. നിരവധി പേർ എഴുതിയും അഭിപ്രായങ്ങൾ സർക്കാരിനെ അറിയിച്ചു. ഇവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നു മുഖാമുഖത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.