May 03, 2024

Login to your account

Username *
Password *
Remember Me

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ അക്രമം: മുഖ്യമന്ത്രി

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യേശുക്രിസ്തു ജനിച്ച ബത്‌ലഹേമിൽ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണുള്ളത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവർത്തിച്ച് ഉറപ്പിക്കുന്ന സംഭവങ്ങളാണിത്.


ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്ന സംഘർഷങ്ങളിൽ മിക്കതിനും അടിസ്ഥാനം രാഷ്ട്രീയമല്ല, മറിച്ച് വംശീയതയാണ്. വംശവിദ്വേഷത്തിന്റെ കലാപത്തീയാണ് പടർന്നു വ്യാപിക്കുന്നത്. ഈ വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ട്. നരനും നരനും തമ്മിൽ സാഹോദര്യമുദിക്കണം, അതിന്നു വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാകണം എന്ന ഗുരുവിന്റെ തത്വം ലോകമെങ്ങുമെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിൽ ഇടം പിടിച്ച ചില സംഭവങ്ങളുടെ ശതാബ്ദി ആചരണ വേള കൂടിയാണിത്. ഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആചരിക്കാനൊരുങ്ങുകയാണ്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും എസ്. എൻ. ഡി. പി യോഗം പ്രഥമ കാര്യദർശിയുമായ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയും നടക്കുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദിയും ഇക്കാലത്താണെന്നത് പ്രസക്തമാണ്. പൗരാവകാശം നേടിയെടുക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരമാണ് വൈക്കം സത്യഗ്രഹം. വൈക്കം സത്യഗ്രഹത്തിന് കേരളം നൽകിയ വലിയ സംഭാവനകളിലൊന്ന് പൊതുജനാഭിപ്രായ രൂപീകരണത്തിന് ബഹുജന ജാഥ സംഘടിപ്പിക്കാം എന്നതായിരുന്നു. യാഥാർത്ഥ്യം ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുമ്പോൾ ജനത്തെ അറിയിക്കാനും പിന്തുണ തേടാനും ബഹുജന ജാഥകൾക്ക് കഴിയുമെന്നാണ് ചരിത്രം നൽകുന്ന പാഠം. ശിവഗിരി തീർത്ഥാടനം അതിന്റെ മറ്റൊരു രൂപമാണ്. ഗുരുവായൂർ സത്യഗ്രഹത്തിൽ എ. കെ. ജിയും ഉപ്പുസത്യഗ്രഹത്തിൽ മഹാത്മാ ഗാന്ധിയും നടത്തിയ ബഹുജന ജാഥകൾ വൈക്കം സത്യഗ്രഹത്തിന്റെ വിജയാനുഭവങ്ങളിൽ നിന്നുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.


ശ്രീനാരായണ ഗുരുവിന്റെ സതീർത്ഥ്യനായ ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദിയും ഈ അവസരത്തിലാണ്. അന്നത്തെ ആചാരങ്ങൾ അനാചാരങ്ങളാണെന്ന് തിരിച്ചറിയുകയും നിർമാർജനം ചെയ്യാൻ പ്രവർത്തിക്കുകയും ചെയ്തതിനെയാണ് നവോത്ഥാനം എന്ന് പറയുന്നത്. ഇതിനു നേതൃത്വം നൽകിയ യോഗിവര്യരാണ് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും. മനുഷ്യത്വം പാടെ അസ്തമിച്ച ചരിത്ര ഘട്ടത്തിൽ ഉയർന്നു വന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെയും ജീവിതത്തെയും ഗുരു മനുഷ്യത്വവത്ക്കരിച്ചു. ആ പ്രക്രിയയിലാണ് കേരളം മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാവുന്ന ഇടമായി മാറിയത്. ഗുരുവിന്റെ ഇടപെടൽ സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കി. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹദ് സംഭവമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.