July 19, 2024

Login to your account

Username *
Password *
Remember Me

കേരളീയത്തിൽ പ്രതീക്ഷിച്ചതിലുമേറെ ജനപങ്കാളിത്തം; അടുത്ത കേരളീയത്തിനു തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ മഹോത്സവമായ കേരളീയത്തിന്റെ ആദ്യത്തെ പതിപ്പിന് പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണുണ്ടായതെന്നും ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും കാരണമാണു മികച്ച രീതിയിൽ കേരളീയം നടത്താൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.


കേരളീയത്തിന്റെ ദിനങ്ങളിൽ തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ ജനസമുദ്രമായി മാറിയെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വിപുലമായ ആഘോഷം സംഘടിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന ആശങ്കകളെ അകറ്റി കേരളീയം കേരളീയതയുടെ ആഘോഷമാണെന്ന്, മലയാളികളുടെ മഹോത്സവമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച എല്ലാവരെയും ഹാർദമായി അഭിവാദ്യം ചെയ്യുന്നു. സംഘാടനത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകൾ തിരുത്തി കൂടുതൽ മികച്ച രീതിയിൽ അടുത്ത വർഷം കേരളീയം സംഘടിപ്പിക്കാനും മറ്റു നാടുകളിൽ നിന്നുകൂടി കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്താനും ഈ വിജയം പ്രചോദനം പകരും. അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയർമാനായി സംഘാടകസമിതിക്ക് മന്ത്രിസഭാ യോഗം രൂപം നൽകിയിട്ടുണ്ട്. കെഎസ്ഐഡിസി എം.ഡി കൺവീനറാകും. തദ്ദേശസ്വയംഭരണം, പൊതുഭരണം വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വ്യവസായം, വിനോദസഞ്ചാരം, ധനകാര്യം, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, വിനോദസഞ്ചാരം, വ്യവസായം, സാംസ്‌കാരികം വകുപ്പ് ഡയറക്ടർമാർ, ലാൻറ് റവന്യൂ കമ്മീഷണർ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കേരളത്തെ കൂടുതൽ മികവോടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാം.


ജീവിതനിലവാര സൂചികകൾ, പബ്ളിക് അഫയേഴ്സ് ഇൻഡക്സ്, ആരോഗ്യവിദ്യാഭ്യാസ സൂചികകൾ തുടങ്ങി ഒരു സമൂഹത്തിന്റെ നിലവാരമളക്കുന്ന മിക്ക മാനകങ്ങളിലും കേരളം ഇന്ന് രാജ്യത്ത് മുൻ നിരയിലാണ്. ദേശീയ തലത്തിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്‌കാരങ്ങൾ നമ്മെ തേടിയെത്തി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നാം നടത്തുന്ന പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. കണ്ടെത്തിയതിൽ 64000ത്തോളം കുടുംബങ്ങളിൽ 47.89 ശതമാനത്തെ ഇതിനകം അതിദാരിദ്ര്യത്തിൽ നിന്നു മോചിപ്പിക്കാനായിട്ടുണ്ട്. 30,658 കുടുംബങ്ങൾ. 2025 നവംബറോടെ കേരളത്തിൽ നിന്ന് അതിദാരിദ്ര്യം തുടച്ചു നീക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത കേരളീയം ആരംഭിക്കുന്ന 2024 നവംബർ ഒന്നിന് ഇക്കാര്യത്തിൽ ഗണ്യമായ പുരോഗതി നേടാനാകും. ദാരിദ്ര്യം തുടച്ചു നീക്കുക എന്ന ലക്ഷ്യം ആദ്യം കൈവരിക്കുന്ന സംസ്ഥാനം കേരളം ആയിരിക്കും എന്ന പ്രത്യാശയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംബന്ധിച്ച സെമിനാറിൽ പ്രമുഖ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പങ്കുവെച്ചത്. മണിശങ്കർ അയ്യരെ പോലുള്ള പ്രഗത്ഭരുടെ പങ്കാളിത്തവും എല്ലാ ഭേദങ്ങളും മറന്നുള്ള നാനാവിഭാഗം ജനങ്ങളുടെ സാന്നിധ്യവും 'കേരളീയ'ത്തെ നാടിന്റെയാകെ വികാരമായി ഉയർത്തി. കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ കടന്നെത്തിയത് കേരളീയത്തെക്കുറിച്ച് ഉയർത്തിയ വിമർശനങ്ങളും ആക്ഷേപങ്ങളും ജനങ്ങളെയോ നേതൃ നിരയിലുള്ളവരെപോലുമോ ബാധിച്ചിട്ടില്ല എന്നതിൻറെ ഒരു സൂചനകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


അഞ്ചു പ്രധാന വേദികളിലായി 25 സെമിനാറുകളാണ് വിജയകരമായി പൂർത്തീകരിച്ചത്. കേരളത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിൻറെ ഭാവി നയ രൂപീകരണത്തിനും സഹായകമായ രീതിയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സാന്നിധ്യം ഓരോ സെമിനാറിനേയും സമ്പന്നമാക്കി. 220 പ്രഭാഷകർ വിഷയാവതരണം നടത്തി. ഇതിൽ 181 പേർ നേരിട്ടും 22 പേർ ഓൺലൈൻ ആയും 17 പേർ പ്രീറെക്കോർഡഡ് ആയും പങ്കെടുത്തു. സെമിനാറുകളിലേക്ക് 21,500 പേരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 30839 പേർ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ട് തിങ്ങിനിറഞ്ഞ വേദികൾ സെമിനാറുകളുടെ വിജയത്തിൻറെ നേർക്കാഴ്ചയാണ്. ഈ സെമിനാറുകളിൽ ഉയർന്നു വന്ന ആശയങ്ങളും അഭിപ്രായങ്ങളും നവ കേരള നിർമ്മിതിക്കുള്ള മാർഗ രേഖകളായി മാറും. കേരളത്തിന് പുറത്തു നിന്ന് വന്ന പ്രഭാഷകർ പലരും നമ്മുടെ സാമൂഹ്യ പുരോഗതിയുടെ വിശദശാംശങ്ങൾ വളരെയേറെ താല്പര്യത്തോടെയാണ് മനസ്സിലാക്കിയത്. ഇതൊന്നും തങ്ങളുടെ അറിവിൽ ഇതുവരെ ഇല്ലാത്തതാണ് എന്ന് പ്രഗത്ഭർ തന്നെ തുറന്നു പറയുന്ന സ്ഥിതി ഉണ്ടായി. കേരളത്തിൻറെ പുരോഗതി ലോകസമക്ഷം വീണ്ടും വീണ്ടും പറയേണ്ടതിൻറെ ആവശ്യകതയ്ക്ക് അടിവരയിടുന്നതായിരുന്നു അത്തരം അഭിപ്രായ പ്രകടനങ്ങൾ.


വ്യത്യസ്ത തീമുകളെ അടിസ്ഥാനമാക്കി തിരുവനന്തപുരം നഗരത്തിലും പരിസരത്തുമായി 22 എക്സിബിഷനുകളാണ് നടന്നത്. എട്ട് വേദികളിലായി 434 സ്റ്റാളുകളിൽ 600ൽ അധികം സംരംഭകരെ ഉൾപ്പെടുത്തി വ്യാപാര, പ്രദർശന മേളകൾ സംഘടിപ്പിച്ചു. 1,91,28,909 രൂപയുടെ വിൽപ്പനയാണ് ട്രേഡ് ഫെയറിൽ നടന്നത്. ബിസിനസ് ടു ബിസിനസ് മീറ്റിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് സംരംഭകരെ പങ്കെടുപ്പിക്കാനും അവരെ പ്രാദേശിക സംരംഭകരുമായി ബന്ധിപ്പിക്കാനും സാധിച്ചു. 30 വേദികളിലായി മുന്നൂറോളം സാംസ്‌കാരിക കലാപരിപാടികൾ സംഘടിപ്പിച്ചു. നാല് പ്രധാന വേദികൾ, രണ്ട് നാടകവേദികൾ, പന്ത്രണ്ട് ചെറിയ വേദികൾ, പതിനൊന്ന് തെരുവുവേദികൾ, ഒരു ഗ്രൗണ്ട് വേദി എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറിയത്. 4100 കലാകാരന്മാരാണ് ഇതിൽ അണിചേർന്നത്.


ഭക്ഷ്യമേളയിൽ 'കേരള മെനു : അൺലിമിറ്റഡ് ' എന്ന ബാനറിൽ കേരളത്തിൻറെ വിവിധ പ്രദേശങ്ങളിലെ 10 ഭക്ഷണ വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് അവതരിപ്പിച്ചു. കേരളത്തിലെ ഭക്ഷണവൈവിധ്യത്തെ പ്രാദേശികമായി ടാഗ് ചെയ്യുക കൂടി ആണ് ഈ ബ്രാൻഡിംഗ്. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ച് വിജയിച്ച ചെറുകിട സംരംഭകരുടേതായിരുന്നു. പട്ടിക വർഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമായി. 2.57 കോടി രൂപയിലധികമാണ് ഭക്ഷ്യമേളയിൽ നടന്ന വില്പന. പുഷ്പമേളകളിൽ 2.24 ലക്ഷ രൂപയുടെ വില്പനയാണ് നടന്നത്. കേരളീയം ഫിലിം ഫെസ്റ്റിവലിൻറെ ഭാഗമായി 100 സിനിമകൾ പ്രദർശിപ്പിച്ചു. ദേശീയ, അന്തർദേശീയ തലങ്ങളിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ എക്കാലത്തെയും മികച്ച ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.


ദീപാലംകൃതമായ നഗരം ഏഴു ദിവസം അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു. തുടർച്ചയായി മഴ പെയ്തിട്ടും ജനത്തിരക്കിൽ കുറവുണ്ടായില്ല. കേരളീയം മാലിന്യ പരിപാലനത്തിലും മാതൃകയായി. ഓരോ വേദിയിലും ഭക്ഷണശാലയിലും ജൈവ അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് സംസ്‌ക്കരണത്തിനായി യഥാസമയം കൈമാറാൻ കഴിഞ്ഞു. ഗ്രീൻ പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ 320 ഗ്രീൻ ആർമി വോളൻറിയേഴ്സിനേയും പ്രത്യേകമായി നിയോഗിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വലിയ തോതിൽ ഒഴിവാക്കാൻ കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമ്മസേനാംഗങ്ങൾ, ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, എന്നിവരെ പരിപാലനത്തിനും വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനും വിന്യസിച്ചിരുന്നു. 1300 വോളൻറിയർമാരെയാണ് 38 ഓളം വേദികളിലായി പ്രതിദിനം വിന്യസിച്ചത്. ഏഴു ദിവസങ്ങളിലേക്കായി ഏതാണ്ട് 9000 പേരുടെ പരിപ്പൂർണ്ണമായ സന്നദ്ധസേവനം കേരളീയത്തിന് പിന്നിൽ ഉണ്ടായി.


ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങൾ, ഫെഡറൽ ഘടന, പാർലമെൻററി ജനാധിപത്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ നവകേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ കേരള സമൂഹം മുന്നിൽ നിൽക്കുമെന്ന പ്രഖ്യാപനമായിരുന്നു കേരളീയം. എല്ലാ വേർതിരിവുകൾക്കുമതീതമായ ജനമനസിന്റെ ഒരുമ കേരളീയം ഊട്ടിയുറപ്പിച്ചു. കേരളത്തിൻറെ ആത്മാഭിമാനത്തിൻറെ പതാകയെയാണ് കേരളീയം ഉയർത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.