May 01, 2024

Login to your account

Username *
Password *
Remember Me

നാട് മാലിന്യമുക്തമാകാൻ തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ഇടപെടൽ നടത്തണം: മുഖ്യമന്ത്രി

കേരളം സമ്പൂർണ മാലിന്യമുക്തമാകുന്നതിനു തദ്ദേശ സ്ഥാപനങ്ങൾ ഊർജിത ഇടപെടൽ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാട് മാലിന്യമുക്തമായിരിക്കണമെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുവ ജനപ്രതിനിധികൾക്കായി 'യുവശക്തി' എന്ന പേരിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മാലിന്യ നിർമാർജനം, ശുദ്ധജല സംരക്ഷണം, മയക്കുമരുന്നിനെതിരായ പോരാട്ടം തുടങ്ങി നാടുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സജീവമായി ഇടപെടാൻ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കു കഴിയണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇവയുമായി ബന്ധപ്പെട്ട് നിസാരമെന്നു കരുതുന്ന കാര്യങ്ങളാകാം നാടിനെ ഏറെ ഗൗരവമായി ബാധിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിൽ വലിയ മുന്നേറ്റമാണു കേരളം നടത്തുന്നത്. എന്നാൽ എല്ലാ പ്രദേശങ്ങളിലും ഇത് എത്തിയിട്ടില്ല. ചപ്പുചവറുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന രീതി ഇപ്പോഴും തുടരുകയാണ്. മിഠായി കടലാസുകൾ, ബസ് ടിക്കറ്റുകൾ പോലുള്ളവ വലിച്ചെറിയുന്ന സംസ്‌കാരം ഉപേക്ഷിക്കണം. ഇവ നിക്ഷേപിക്കുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാൻ കഴിയണം. ഇക്കാര്യത്തിൽ പൊതുബോധം സൃഷ്ടിച്ചെടുക്കണം. തങ്ങളുടെ തദ്ദേശ സ്ഥാപന പ്രദേശം സമ്പൂർണ ശുചിത്വമുള്ള ഇടമാണെന്ന് ഓരോ ജനപ്രതിനിധിയും ഉറപ്പാക്കണം.


ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിയുന്ന രീതി കുറഞ്ഞിട്ടുണ്ടെങ്കിലും ഇവ മാലിന്യമുക്തമല്ല. പല ജലാശയങ്ങളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. മനുഷ്യവിസർജം ജലാശയങ്ങളിലേക്കു തള്ളുന്നതു സാമൂഹ്യദ്രോഹ പ്രവൃത്തിയാണ്. കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നിർമിക്കുന്ന കാര്യം ആലോചിക്കുമ്പോൾത്തന്നെ വലിയ പ്രതിഷേധമുയരുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്ലാതാകുമ്പോൾ ഇവ ജലാശയങ്ങളിലേക്കു തട്ടുന്നു. ഇതിനു ശാശ്വത പരിഹാരം കാണണം. മാലിന്യ സംസ്‌കരണ പ്ലാന്റുകൾ എല്ലാ പ്രദേശങ്ങളിലും വേണം. നാട് മാലിന്യമുക്തമാകാൻ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉണ്ടാകുകയെന്നതു പ്രധാനമാണ്. സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള കർമപരിപാടിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയും. പരമദരിദ്രാവസ്ഥയിൽകഴിയുന്നവരെ ആ സാഹചര്യത്തിൽനിന്നു മോചിപ്പിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നാടാകെയും ഒന്നിച്ചു പ്രവർത്തിക്കണം. കോവിഡ് കാലത്ത് ഉയർന്നുവന്ന വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം രീതികൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പിന്തുണ നൽകാൻ കഴിയും.


മയക്കുമരുന്നിനെതിരായ പോരാട്ടത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുൻനിരയിലുണ്ടാകണം. ബോധവത്കരണത്തോടൊപ്പം കർശന നിയമ നടപടികളുമുണ്ടാകണം. ഏതെങ്കിലും സ്‌കൂളിന്റെ പരിസരത്തെ കടയിൽ മയക്കുമരുന്നു വ്യാപാരം നടക്കുന്നതായി കണ്ടാൽ പിന്നീട് അതു പ്രവർത്തിക്കാൻ അനുവദിക്കില്ല. സ്‌കൂൾ സമയത്ത് സ്‌കൂളുമായി ബന്ധപ്പെട്ടവരല്ലാത്ത ആരും സ്‌കൂളിന്റെ പരിസരത്ത് എത്തേണ്ട കാര്യമില്ല. സ്‌കൂൾ പിടിഎ, നാട്ടുകാർ, അധ്യാപകർ എന്നിവർക്കൊപ്പം ജനപ്രതിനിധികളുടെ ഇടപെടലും ഇക്കാര്യത്തിലുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും (കൈല) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. വഴുതക്കാട് കാർമൽ കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, കേരള യൂത്ത് ഡീലർഷിപ് അക്കാദമി ഡയറക്ടർ അർജുൺ പാണ്ഡ്യൻ തുടങ്ങിയവരും പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.