April 23, 2024

Login to your account

Username *
Password *
Remember Me

പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

*ലോകത്തവശേഷിച്ച ഒരേയൊരു വൃക്ഷത്തിൽ നിന്നും ഉൽപ്പാദിപ്പിച്ച തൈ


സംസ്ഥാനത്തെ പരിസ്ഥിതി ദിനാഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്ന് തിരുവനന്തപുരം മോഡൽ സ്‌കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ ഹരിത സംരംഭ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിക്കുക്കയായി. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് ശാസ്ത്ര ലോകം കരുതിയ കാവലിപ്പ് അഥവാ ആയിരവല്ലി ഇലിപ്പ തൈയാണ് മുഖ്യമന്ത്രി നട്ടത്.


1835 -ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സർജൻ ബോട്ടാണിസ്റ്റ് ഡോ .റോബർട്ട് വൈറ്റ് ആണ് ഈ മരം ആദ്യമായി കണ്ടെത്തിയത്. 184 വർഷത്തെ ഇടവേളയ്ക്ക് ശേഷം, KSCSTE ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകർ ഇതിനെ വീണ്ടും കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവ ക്ഷേത്രക്കാവിൽ നിന്നും കണ്ടെത്തി. ഇതുവരെയുള്ള അറിവിൽ ലോകത്തു ഒരേയൊരു മരം മാത്രമായി അവശേഷിക്കുന്ന ഈ സ്പീഷിസ് ഐ യു സി എൻ റെഡ് ഡാറ്റാബുക്കിൽ അതീവ വംശ നാശ ഭീഷണി നേരിടുന്ന സസ്യ വിഭാഗത്തിൽ പെടുന്നതാണ്. 2019 - 2020 കാലയളവിൽ ശേഖരിച്ച വിത്തിൽ നിന്നാണ് ഈ തൈ ഉത്പാദിപ്പിച്ചത്. പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. മൂന്ന് വർഷത്തിനുള്ളിൽ 40 തൈകൾ ഉൽപ്പാദിപ്പിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വളർത്തിയെടുക്കുക എന്നതാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.


വൃക്ഷത്തൈ നടീലിനു ശേഷം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജലസസ്യങ്ങളെ കുറിച്ചുള്ള ഒരു ഫീൽഡ് ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന വ്യക്തികൾ, സംഘടനകൾ, എന്നിവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പരിസ്ഥിതി മിത്രം അവാർഡ് 2022 -ൻറെ അവാർഡ്ദാനവും മുഖ്യമന്ത്രി നിർവഹിച്ചു. അഡിഷണൽ ചീഫ് സെക്രട്ടറി ഡോ .വി .വേണു, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി സുധീർ, പ്രൊഫ.രാജഗോപാലൻ വാസുദേവൻ, ശാസ്ത്ര ഉപദേഷ്ടാവായ എം.സി. ദത്തൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രദീപ് കുമാർ എ .ബി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി എസ്. പ്രദീപ് കുമാർ, ഗവ :മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് കെ. വി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുഖ്യവിഷയമായ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്ന വിഷയത്തിൽ പദ്മശ്രീ ജേതാവായ പ്രൊഫ.രാജഗോപാലൻ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും, പരിസ്ഥിതി വകുപ്പും, കേരള മലിനീകരണ നിയന്ത്രണ ബോർഡും, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രവും, പരിസ്ഥിതി വിദ്യാഭാസ പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.