March 28, 2024

Login to your account

Username *
Password *
Remember Me

കേരളത്തിന്റെ സുവനീറാകാൻ ആറന്മുള കണ്ണാടിയും ബേപ്പൂർ ഉരുവും ചുണ്ടൻ വള്ളവും

*15 ഇന സുവനീർ ശൃംഖലയൊരുക്കാൻ ടൂറിസം വകുപ്പ്


ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി ഭംഗിയും സംസ്‌കാരവും ആസ്വദിച്ചു മടങ്ങുന്ന സഞ്ചാരികൾക്കായി സുവനീർ ശൃംഖലയൊരുക്കാൻ വിനോദസഞ്ചാര വകുപ്പ്. ആറൻമുള കണ്ണാടിയും ചുണ്ടൻ വള്ളത്തിന്റെ മാതൃകയും ബേപ്പൂർ ഉരുവിന്റെ മാതൃകയും ഉൾപ്പെടെ 15 ഇനങ്ങളാണു സംസ്ഥാനത്തിന്റെ ഔദ്യോഗിക സുവനീറുകളാകുന്നത്. വിനോദസഞ്ചാര വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനാണ് കേരളത്തിന്റെ ഔദ്യോഗിക സ്മരണികകളുടെ ശൃംഖലയൊരുക്കുന്നത്.


സംസ്ഥാനത്തെ വിവിധ കരകൗശല വസ്തുനിർമാതാക്കളെ ചേർത്താണ് സുവനീർ ശൃംഖല തയ്യാറാക്കുന്നത്. നാടിന്റെ ചരിത്രം, സംസ്‌കാരം, കല, ഭൂമിശാസ്ത്ര പ്രത്യേകതകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇവ തെരഞ്ഞെടുക്കുന്നത്. ആറൻമുള കണ്ണാടി പോലെ വലിപ്പം കുറഞ്ഞവ അതേ രൂപത്തിലും, വലിപ്പമുള്ളവയെ ചെറു മാതൃകകളാക്കിയും, ചിലതിനെ ശിൽപ്പ രൂപത്തിലാക്കിയുമാണ് സുവനീർ ശൃംഖലയിൽ ഉൾപ്പെടുത്തുക.


സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുവനീർ വിൽപ്പനശാലകൾ പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കും. ഇതിലൂടെ പ്രാദേശിക തൊഴിലവസരങ്ങളും വരുമാനവും വർധിപ്പിക്കാനാകുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രതീക്ഷ. സുവനീർ ശൃംഖലയുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മേയ് 18ന് നിർവഹിക്കും.


ഉത്തരവാദിത്ത ടൂറിസം മിഷനാണു സുവനീർ ശൃഖല പദ്ധതിക്കു നേതൃത്വം നൽകുന്നത്. മേയ് 18നു വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം വിദഗ്ധരെ ഉൾപ്പെടുത്തി ശിൽപ്പശാല സംഘടിപ്പിച്ചിട്ടുണ്ട്. സുവനീർ മേഖലയിൽ ഉൾപ്പെടുത്തേണ്ട ഇനങ്ങൾ സംബന്ധിച്ച മേഖലകളും അവയുടെ വലിപ്പം, സ്വഭാവം തുടങ്ങിയവയും ശിൽപ്പശാലയിൽ നിശ്ചയിക്കും. തുടർന്ന് 15 ഇനങ്ങൾ ഏതൊക്കെയെന്നു തീരുമാനിക്കുന്നതിൽ പൊതുജനാഭിപ്രായം അറിയിക്കാൻ മത്സരം നടത്തും. ഇതിന്റെകൂടി അടിസ്ഥാനത്തിലാകും അന്തിമ പട്ടിക തയാറാക്കുക.


ഓരോ ഇനങ്ങളുടേയും മേഖലയിൽ വിദഗ്ധരായവർക്കു പരിശീലനം നൽകി ഈ സാമ്പത്തിക വർഷംതന്നെ സുവനീർ ശൃംഖല ആരംഭിക്കാനാണു ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ കരകൗശലവസ്തു നിർമാണ മേഖലയ്ക്കും ഊർജംപകരുന്നതാണ് ടൂറിസം വകുപ്പിന്റെ പുതിയ പദ്ധതി.
Rate this item
(0 votes)
Last modified on Thursday, 18 May 2023 14:30

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.