April 25, 2024

Login to your account

Username *
Password *
Remember Me

നിയമ സഭാങ്കണത്തിലെ അക്ഷര സമ്മേളനത്തിന് പരിസമാപ്തി

പുസ്തകങ്ങൾക്കും വായന ലഹരിയാക്കിയവർക്കും തുറന്ന വേദിയൊരുക്കിയ പ്രഥമ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സമാപനം. ഇന്നലെ വൈകിട്ട് ആർ ശങ്കര നാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന സമാപന ചടങ്ങ് പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ ഉദ്ഘാടനം ചെയ്തു. സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സന്ദേശം നിയമസഭ സെക്രട്ടറി എ.എം ബഷീർ വായിച്ചു.


ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ചടങ്ങിൽ ആദരിച്ചു.  നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം എഡീഷന്റെ ലോഗോ പ്രകാശനം ഉമ്മൻചാണ്ടി നിർവഹിച്ചു. 2024 ജനുവരി 8 മുതൽ 14 വരെയാണ് രണ്ടാം എഡിഷൻ പുസ്തകോത്സവം. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതവും വി.ജോയി എം.എൽ.എ നന്ദിയും പറഞ്ഞു.


വായനയ്ക്കും സാംസ്‌കാരിക ചർച്ചകൾക്കുമായി കഴിഞ്ഞ ഒരാഴ്ചയായി തുറന്നുവെച്ച നിയമസഭയിൽ നിന്ന് മനസ്സുനിറഞ്ഞാണ് വായനാ സമൂഹം പടിയിറങ്ങുന്നത്. നിയമസഭാ കവാടത്തിൽ അക്ഷരമാലയുടെ പ്ലക്കാർഡുകളുയർത്തിയാണ് പുസ്തകോത്സവത്തിന്റെ സമാപനദിനം ആരംഭിച്ചത്. തിരുവനന്തപുരം നഗരത്തിലെ മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികളാണ് പുസ്തകോത്സവത്തെ അന്വർഥമാക്കുന്ന തരത്തിൽ നിയമസഭാങ്കണത്തിലെത്തിയത്.


രാവിലെ 11.30 ന് നടന്ന മീറ്റ് ദി ഓതർ പരിപാടിയിൽ ശശി തരൂർ എം.പി പൊതുജനങ്ങളുമായി സംവദിച്ചു. അംബേദ്കർ; എ ലൈഫ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച. പ്രമുഖ മറാത്തി എഴുത്തുകാരനായ ശരൺ കുമാർ ലിംബാളെയുമായി എസ്. കുഞ്ഞികൃഷ്ണൻ സംസാരിച്ചു.


കോൺസ്റ്റിറ്റിയൂഷണൽ ആൻഡ് ഇലക്ടറൽ എക്‌സ്പിരിമെന്റ്‌സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പ്രൊഫ.ജി ഗോപകുമാർ, പ്രൊഫ. വി.കാർത്തികേയൻ നായർ,ഡോ.അനിൽ കുമാർ എന്നിവർ പങ്കെടുത്തു, ഡോ. ഗോപകുമാരൻ നായർ എൻ മോഡറേറ്റ് ചെയ്തു. എഴുത്തിലെ സ്ത്രീസഞ്ചാരങ്ങൾ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കെ.പി. സുധീര, തനൂജ ഭട്ടതിരി,  വി.കെ. ദീപ തുടങ്ങിയവർ പങ്കെടുത്തു, കെ.രേഖ മോഡറേറ്റ് ചെയ്തു. വി. ഷിനിലാലിന്റെ ‘കഥ ചരിത്രം സൃഷ്ടിക്കുമ്പോൾ ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ ഡോ. മനോജ് വെള്ളനാട്, ജ്യോതി ശങ്കർ തുടങ്ങിയവർ സംസാരിച്ചു.


പുസ്തകോത്സവത്തിന്റെ സമാപന ദിനത്തിൽ  അഞ്ച് പുസ്തകങ്ങളാണ് നിയമസഭാങ്കണത്തിൽ പ്രകാശനം ചെയ്തത്.


ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘സ്വച്ഛഭവനം’പ്രൊഫ.അലിയാർ പ്രകാശനം ചെയ്തു. ഡോ.ഗോപകുമാരൻ നായർ എൻ രചിച്ച ‘ഹിസ്റ്ററി ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ ഇൻ കേരള സിൻസ് ഇൻഡിപെൻഡൻസ്’ എന്ന പുസ്തകം ഡോ. ജി ഗോപകുമാർ പ്രകാശനം ചെയ്തു. ഡോ.അജിത് ബാബുവിന്റെ ‘വേഗവർത്തമാനം’വിനു എബ്രഹാം പ്രകാശനം ചെയ്തു. മ്യൂസ് മേരിയുടെ ‘മേരീസ് മ്യൂസിംഗ്‌സ്’, ജി.ആർ ഇന്ദുഗോപന്റെ ‘വാട്ടർ ബോഡി’,മണൽ ജീവികൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.