May 03, 2024

Login to your account

Username *
Password *
Remember Me

തൊഴിൽ സഭകൾക്ക് തുടക്കമാകുന്നു; മാർഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നു. തൊഴിൽ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാർഗരേഖ പുറത്തിറങ്ങി. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക് എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത് തന്നെ ആദ്യത്തേതാണ്.

സുസ്ഥിര പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനാണ് 14-ാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ് മുൻഗണനാ ലക്ഷ്യങ്ങൾ. എല്ലാ മേഖലകളിലും പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭം ആരംഭിക്കാനുള്ള പ്രോത്സാഹനം ഒരുക്കുന്നതിന്റെയും ഭാഗമാണ് തൊഴിൽസഭകളും. ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയും, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുമെല്ലാം തൊഴിൽ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടുപോവുക. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ നടപ്പിലാകുന്നത്. മുൻ തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററാണ് തൊഴിൽ സഭ എന്ന ആശയം മുന്നോട്ടുവെച്ചത്. വ്യത്യസ്ത വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴിൽ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴിൽ സഭയുടെ പ്രധാന ലക്ഷ്യമാണ്.

തൊഴിൽസഭകളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുഖ്യമന്ത്രിയുടെ വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്താകും ഉദ്ഘാടനം. ചൊവ്വാഴ്ച രാവിലെ 10ന് പിണറായി ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിലാണ് പരിപാടി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. തൊഴിൽ മേഖലയിലെ കേരളത്തിന്റെ മഹാമുന്നേറ്റമാകുന്ന തൊഴിൽ സഭകൾ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി അഭ്യർഥിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.