May 02, 2024

Login to your account

Username *
Password *
Remember Me

വെല്ലുവിളികൾ ഏറ്റെടുത്ത് സംരംഭകത്വത്തിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നതായി മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നത് ശ്ലാഘനീയമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റും (കെ.ഐ.ഇ.ഡി) സംയുക്തമായി സംരംഭകരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ദ്വിദിന യുവ ബൂട്ട് ക്യാമ്പിന്റെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.

യുവസംരംഭകർക്കിടയിലെ ഈ നല്ല മാറ്റത്തിന് കൂടുതൽ വേഗത കൈവരിക്കണമെന്ന് മന്ത്രി പറഞ്ഞു. യുവസംരംഭകർക്ക് ഏറ്റവും കൂടുതൽ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നത് കേരളത്തിലാണ്. കെ-ഡിസ്‌ക്, അസാപ് , സ്റ്റാർട്ടപ്പ് മിഷൻ, കെ.ഐ.ഇ.ഡി എന്നിങ്ങനെ വിവിധ സർക്കാർ ഏജൻസികൾ യുവജനങ്ങളുടെ നവീന ആശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇവ ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംരംഭകർക്കായി രണ്ട് കോടി രൂപ വരെ പ്രാഥമിക മൂലധനമായി പലിശ ഈടാക്കാതെ സർക്കാർ ലഭ്യമാക്കുന്നുണ്ട്. അഞ്ച് ശതമാനം പലിശയിൽ 10 കോടി വരെ വായ്പ കെ.എഫ്.സി മുഖേനയും നൽകുന്നു. കേരളത്തിൽ തന്നെ സംരംഭകത്വ വ്യവസായങ്ങൾ വളർന്ന് പന്തലിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ നാട്ടിൽ തന്നെയുള്ള സാധനങ്ങളെ എങ്ങനെ വ്യാവസായികമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ട്. ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റാൻ സാധിക്കണമെന്ന് അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു.

രണ്ട് ദിവസമായി നടന്നുവന്ന എക്‌സ്‌പോയിൽ ഐഡിയ പിച്ചിംഗ്, എക്‌സ്‌പോ എന്നീ വിഭാഗങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർഥികൾ തങ്ങളുടെ സംരംഭകത്വ ആശയങ്ങളുമായി എക്‌സ്‌പോയിൽ പങ്കെടുത്തു.വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഐ.ഇ.ഡി പ്രസിഡന്റ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സി.ഇ.ഒ ശരത് വി രാജ് തുടങ്ങിയവർ സംസാരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.