May 03, 2024

Login to your account

Username *
Password *
Remember Me

ലഹരി വിരുദ്ധ നടപടികൾക്ക് വിവിധ തലങ്ങളിൽ സമിതികൾ രൂപീകരിക്കും

തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ ഉണ്ടാക്കും. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ മന്ത്രി സഹ അധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവർഗ, കായിക വകുപ്പു മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപനം നിർവഹിക്കും. സെപ്തംബർ 22ന് സംസ്ഥാനസമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ജില്ലാ കളക്ടർ കൺവീനറുമായി ജില്ലാതലസമിതി രൂപീകരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. സെപ്തംബർ 21ന് സമിതി യോഗം ചേരും.

തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ അദ്ധ്യക്ഷന്മാരും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ കൺവീനർമാരുമായാണ് തദ്ദേശതല സമിതി. വിദ്യാഭ്യാസ സ്ഥാപനമേധാവികളും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ്ബ് പ്രതിനിധികളും സമിതിയിൽ ഉണ്ടാകും. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹ്യ-സന്നദ്ധ പ്രവർത്തകർ എന്നിവരെയും വിളിക്കും. പോസ്റ്റർ, ബോർഡ് എന്നിവ വഴിയുള്ള പ്രചരണത്തിന് വ്യാപാരികളുടെയും സഹകരണസ്ഥാപനങ്ങളുടെയും സഹായം തേടും. വാർഡുതല സമിതിയിൽ വാർഡ് അംഗം അദ്ധ്യക്ഷനാകും. കൺവീനറായി സ്‌കൂൾ ഹെഡ്മാസ്റ്ററോ, മുതിർന്ന അദ്ധ്യാപകനോ ഉണ്ടാകും. സ്‌കൂൾതലത്തിൽ അദ്ധ്യാപക – രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കും. പഞ്ചായത്ത്, വാർഡ്, സ്‌കൂൾതല സമിതികൾ സെപ്തംബർ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഒക്ടോബർ 2 നാണ് ക്യാമ്പയിൻ ആരംഭിക്കുക. നവംബർ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും. ആൾക്കൂട്ടം ഉണ്ടാകുന്ന ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബ് എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ് സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ എം.ബി. രാജേഷ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, സംസ്ഥാന പോലീസ് മേധാവി, എക്സൈസ് കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.