April 30, 2024

Login to your account

Username *
Password *
Remember Me

അവയവദാനത്തിലൂടെ മാര്‍ഗദീപം തെളിയിച്ച് ഗോപികടീച്ചര്‍

തിരുവനന്തപുരം: ഗോപികടീച്ചര്‍ വിദ്യാര്‍ത്ഥികള്‍ക്കെന്നും വിസ്മയമായിരുന്നു. ഒരു അധ്യാപികയെന്നതിനപ്പുറം സ്നേഹത്തിന്‍റെ നിറകുടമായ ടീച്ചറുടെ വിയോഗം സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ ശാസ്തമംഗലം ആര്‍ കെ ഡി എന്‍ എസ് എസ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കു താങ്ങാവുന്നതിലുമപ്പുറമാണ്.സ്വന്തം വീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്കൂളിലെത്തി കമ്യൂണിറ്റി പൊലീസ് ഓഫീസ് കൂടിയായ ടീച്ചർ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്നതും ഹോപ്പ് എന്ന പദ്ധതിയിൽ സ്വമേധയാ അംഗമാകുകയും പഠനം പാതിവഴിയിൽ നിലയ്ക്കുകയും തോറ്റു പോകുകയും ചെയ്ത കുട്ടികൾക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകുകയും ചെയ്യുന്നത് ടീച്ചറുടെ ശിഷ്യ സ്നേഹത്തിന്റെ ഒരു ഭാഗം മാത്രമാണ്.

ആറുദിവസം മുമ്പ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമണ്‍കടവ് ബാലഭാരതി സ്കൂളിനുസമീപം ശ്രീവല്ലഭയില്‍ ഗോപികാറാണി(47) എന്ന ഗോപിക ടീച്ചർ ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി തുടരുകയും ബുധനാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഒരു അധ്യാപികയെന്ന നിലയില്‍ കുട്ടികളില്‍ സഹജീവികളോടുള്ള സ്നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങള്‍ നിര്‍ലോഭം പകര്‍ന്നു നല്‍കുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന് ബന്ധുക്കള്‍ ആഗ്രഹിച്ചു. ഭര്‍ത്താവ് പ്രവീൺ കുമാറും മകന്‍ പ്രാണ്‍ പ്രവീണും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് ഏകകണ്ഠമായെടുത്ത തീരുമാനം മൂന്നുപേരുടെ ജീവിതമാണ് മടക്കിനല്‍കുന്നത്.

കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷനുമായി (കെ സോട്ടോ) ബന്ധപ്പെട്ട ബന്ധുക്കളുടെ തീരുമാനത്തെ അധികൃതര്‍ അത്യന്തം ആദരവോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് അവയവദാന നടപടികള്‍ പുരോഗമിച്ചു. ബുധന്‍ വൈകുന്നേരത്തോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രിയോടെ അവസാനിച്ചു. കരള്‍, വൃക്കകള്‍, ഹൃദയ വാൽവ് എന്നിവയാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാന ചെയ്യുന്നത്. കരള്‍ കിംസ് ആശുപത്രിയിലും വൃക്കകള്‍ യഥാക്രമം തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കല്‍ കോളേജിലും ഹൃദയ വാൽവ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്.

പ്രസിദ്ധ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും ഗിരിജാകുമാരി (റിട്ട. പ്രധാനാധ്യാപിക) യുടെയും മകളാണ് ഗോപി കാറാണി. മൃതദേഹം വ്യാഴം പകൽ 2.30 ന് ശാസ്തമംഗലം സ്കൂളിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം 4.30 ന് ശാന്തി കവാടത്തിൽ.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.