കണ്ണൂർ: ദമ്പതിമാർക്ക് നേരെ തലശ്ശേരി പോലീസ് സദാചാര ആക്രമണം നടത്തിയതായി പരാതി. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ പോലീസിനെ ആക്രമിച്ചുവെന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്തതായും ദമ്പതിമാർ ആരോപിക്കുന്നു. രാത്രി കടൽ പാലം കാണാനെത്തിയ ദമ്പതിമാർക്ക് നേരെയാണ് പോലീസിന്റെ സദാചാര ആക്രമണം. തലശ്ശേരി സഹകരണ ആശുപത്രി നഴ്‌സായ മേഖയ്ക്കും ഇലക്ട്രീഷ്യനായ ഭർത്താവ് പ്രത്യുഷിനും നേരെയാണ് പോലീസിന്റെ ആക്രമണം.
മേഖയും പ്രത്യുഷും ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പുറത്ത് പോയതായിരുന്നു. ഭക്ഷണത്തിന് ശേഷം ഇരുവരും കടൽപ്പാലത്തിന് അടുത്ത് പോയപ്പോൾ 11 മണിയായി. ഇവിടേയ്ക്ക് പട്രോളിങ്ങിനെത്തിയ പോലീസ് സംഘം എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നും ഉടൻ പോകണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ പത്യുഷ് പ്രതികരിച്ചതോടെ തർക്കമായി. ഒരു ജീപ്പ് കൂടി വിളിച്ചു വരുത്തി ഇരുവരേയും എസ്‌ഐയും സംഘവും ബലമായി പോലീസ് സ്‌റ്റേഷനിലേക്ക് ബലമായി കൊണ്ടുപോയി.
സ്‌റ്റേഷന് പുറത്ത് വച്ച് മേഖയോട് അസഭ്യം പറഞ്ഞുവെന്നും പ്രത്യുഷിനെ അടിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിനെ ജയിലിൽ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മേഖ പറഞ്ഞു. ജോലി തടസ്സപ്പെടുത്തിയെന്നും പോലീസിനെ അക്രമിച്ചുവെന്നും ആരോപിച്ച് മേഖയ്ക്കും പ്രത്യുഷിനുമെതിരെ കേസെടുത്തു. പ്രത്യുഷിനെ റിമാൻഡ് ചെയ്യുകയും മേഖയ്ക്ക് ജാമ്യം നൽകുകും ചെയ്തു.
സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പിന്നാലെ പോലീസിനെതിരായ ആരോപണം തലശ്ശേരി എസ്‌ഐ മനു തള്ളി രംഗത്തെത്തി. കടൽ ക്ഷോഭം കാരണം തിരികെ പോകാൻ നിർദ്ദേശിക്കുകയാണ് ചെയ്തതെന്നാണ് മനു നൽകുന്ന വിശദീകരണം. എസ്‌ഐയ്ക്കും സിഐയ്ക്കുമെതിരെ കമ്മീഷ്ണർ ആർ ഇളങ്കോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.