April 18, 2024

Login to your account

Username *
Password *
Remember Me

പ്രീസീസണിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി യുഎഇയിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗിന്റെ (ഐഎസ്എല്‍) 2022-2023 സീസണിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രീസീസൺ തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു. ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീസീസൺ പരിശീലനം ആരംഭിക്കുന്ന ക്ലബ്ബ്, ഓഗസ്റ്റ് പകുതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യുഎഇ) പറക്കും. ഇവിടെ യുഎഇ പ്രൊ ലീഗിൽ കളിക്കുന്ന അല്‍ നാസ്ര്‍ എസ്‌സി, ദിബ എഫ്‌സി എന്നീ ക്ലബ്ബുകൾക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കും. മുഖ്യ പരിശീലകന്‍ ഇവാൻ വുകോമാനോവിച്ചിന്റെ കീഴില്‍ അല്‍ നാസ്ര്‍ കള്‍ച്ചറൽ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. എച്ച്16 സ്‌പോര്‍ട്‌സാണ് പ്രീസീസൺ ടൂർ ഒരുക്കുന്നത്.

2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ സൗഹൃദ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം.

ഈ മേഖലയില്‍ ടീമിന് ധാരാളം ആരാധകരുള്ളതിനാൽ, കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് യുഎഇ രണ്ടാം വീട് പോലെയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും തമ്മിലുള്ള 2021-2022 ഐഎസ്എൽ സീസണിലെ കലാശ പോരാട്ടം ദുബായ് എക്‌സ്‌പോ 2020യില്‍ പ്രദര്‍ശിപ്പിച്ചപ്പോൾ, പതിനായിരത്തിലധികം ആരാധകരാണ് തത്സമയ മത്സരം കാണാനെത്തിയത്. യുഎഇയിലെ തങ്ങളുടെ ആരാധകവൃന്ദവുമായി ഇടപഴകാനുള്ള അവസരമായും പ്രീസീസൺ മത്സരങ്ങളെ ക്ലബ് കാണുന്നു.
 
'ഫുട്‌ബോൾ എന്ന മഹത്തായ കായിക വിനോദത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് എല്ലായ്‌പ്പോഴും ഞങ്ങളുടെ ലക്ഷ്യം, കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. യുഎഇയിലെ പ്രീസീസൺ പര്യടനത്തിന് അവരെ ഞങ്ങൾ സ്‌നേഹനിര്‍ഭരം സ്വാഗതം ചെയ്യുന്നു. പ്രീസീസണില്‍ മത്സരിക്കുന്നതിന് ഏറ്റവും മികച്ച ക്ലബ്ബുകളെയും കളിക്കാരെയും ഇത് ഒരുമിച്ച് കൊണ്ടുവരും. ഇതുവഴി ഒരു വലിയ ആരാധക പ്രേക്ഷകരുമായി ബന്ധപ്പെടുത്തുന്നതോടൊപ്പം തന്നെ, ലോകോത്തര സൗകര്യങ്ങൾ ഉറപ്പാക്കി ഇന്‍ഡോ-അറബ് ഫുട്‌ബോൾ മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഒരു പുതിയ അധ്യായവും തുറക്കും'. എച്ച്16 സ്‌പോര്‍ട്‌സ് ചെയര്‍മാൻ ഹസൻ അലി ഇബ്രാഹിം അല്‍ ബലൂഷി പറഞ്ഞു.

'പ്രീസീസണിനായി വിദേശത്ത് വ്യത്യസ്ത വേദികളുണ്ടായിരുന്നെങ്കിലും, വിവിധ കാരണങ്ങളാൽ ഞങ്ങള്‍ യുഎഇ തിരഞ്ഞെടുക്കുകയായിരുന്നു. ഈ പ്രീസീസണിന്റെ ഭാഗമായി വിദേശത്ത് രണ്ടാഴ്ചയില്‍ താഴെ ദൈര്‍ഘ്യമുള്ള മൂന്ന് സൗഹൃദ മത്സരങ്ങള്‍ അടങ്ങിയ ഒരു ക്യാമ്പായിരുന്നു തുടക്കം മുതൽ ക്ലബ് പദ്ധതിയിട്ടിരുന്നത്, അത് തന്നെ നടപ്പിലാക്കും. യുഎഇയിലെ ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും സ്‌റ്റേഡിയത്തിൽ വന്ന് ടീമിന്റെ ഭാഗമാകാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പ്രീസീസണ്‍ മത്സരങ്ങൾ ക്ലബ്ബിനും ഞങ്ങളുടെ എല്ലാ ആരാധകർക്കും നിര്‍ണായകമാണ്, ഞങ്ങളുടെ സ്‌ക്വാഡിന്റെ പരിധികൾ പരിശോധിക്കാനും ഇത് ഞങ്ങളെ സഹായിക്കും'.കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സ് യുഎഇയിലെ കാണികള്‍ക്ക് മുന്നിൽ മത്സരിക്കാനിറങ്ങുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ ബ്ലാസ്‌റ്റേഴ്‌സ് ഹീറോകളെ സ്വാഗതം ചെയ്യാനുള്ള അവസരവും യുഎഇയിലെ ആരാധകര്‍ക്ക് ഇതിലൂടെ ക്ലബ്ബ് ഒരുക്കുന്നു. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022/23 സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്രീസീസണിലെ യുഎഇ മത്സരങ്ങൾ കടുത്ത പോരാട്ടമാകുമെന്നാണ് കരുതുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.