ദില്ലി: ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന് ഇന്ന് 20 വര്‍ഷം. സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായ ആക്രമണം നടത്തിയത് ഭീകര സംഘടനകളായ ലഷ്കർ ഇ തൊയ്ബയും ജയ്ഷെ മുഹമ്മദുമാണ്.
ശക്തമായ പ്രത്യാക്രമണത്തില്‍ 5 ഭീകരരെയും വധിച്ചു. പാര്‍ലമെന്‍റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനവും ത്യാഗവും എല്ലാ പൗരന്മാര്‍ക്കും പ്രചോദനമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെല്ലാം കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാരുടെ ത്യാഗം അനുസ്മരിച്ചു.
2001 ഡിസംബര്‍ 13 ന് രാവിലെ 11.40 നായിരുന്നു രാജ്യം നടുങ്ങിയ ആക്രമണമുണ്ടായത്. ലോക്സഭയും രാജ്യസഭയും നാല്‍പത് മിനിട്ട് നേരം നിര്‍ത്തിവച്ച വേളയില്‍ ആഭ്യന്തരമന്ത്രാലയത്തിന്‍റെയും പാര്‍ലമെന്‍റിന്‍റെയും സ്റ്റിക്കറുകള്‍ പതിച്ച കാര്‍ പാര്‍ലമെന്‍റ് വളപ്പിലേക്ക് കടന്നു. പന്ത്രണ്ടാം നമ്പര്‍ ഗെയ്റ്റ് ലക്ഷ്യമാക്കി കാര്‍ നീങ്ങിയതോടെ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥന്‍ ഓടിയടുത്തു. പിന്നോട്ടെടുത്ത കാര്‍ ഉപരാഷ്ട്രപതിയുടെ വാഹനത്തെ ഇടിച്ചു നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങിയത് തോക്ക് ധാരികളായ അഞ്ച് ലഷ്കര്‍ ഇ തൊയ്ബ്, ജയ്ഷെ മുഹമ്മദ് ഭീകരര്‍.
മുപ്പത് മിനിട്ട് നേരം നീണ്ടുനിന്ന പോരാട്ടം. അഞ്ച് തീവ്രവാദികളെയും വധിച്ചു. ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റി. പ്രതികളിലൊരാളായ ഷൗക്കത്ത് ഹുസൈന്‍ ഗുരുവിനെ പത്ത് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു. അധ്യാപകനായ എസ് എ ആര്‍ ഗീലാനി, ഷൗക്കത്തിന്‍റെ ഭാര്യ നവ്ജോത് സന്ധുവെന്ന അഫ്സാൻ ഗുരു എന്നിവരെ പിന്നീട് കുറ്റവിമുക്തരാക്കി.