December 07, 2024

Login to your account

Username *
Password *
Remember Me

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോർജ്

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങൾ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവർക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.


മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിച്ചു വരുന്നു. മലപ്പുറം ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ചു. പോത്തുകല്ലിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചാലിയാറിലും പോത്തുകല്ലിലും യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.


രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്ത്രോതസുകളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി. എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ നിർമ്മിക്കാവൂ. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കി. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയ ചികിത്സ തേടണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് എല്ലായിടത്തേയും കുടിവെള്ള സ്ത്രോതസുകൾ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും നിർദേശം നൽകി.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.