പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.
ആയിരത്തിലധികം ഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം തീർക്കുന്ന കാഴ്ച തിരുവനന്തപുരത്തിന് മാത്രമല്ല കേരളത്തിന് തന്നെ പുത്തൻ അനുഭവമായിരിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രോണുകൾ ഒരുമിച്ചുയർന്നു കേരളത്തിന്റെ ഓണാഘോഷ പാരമ്പര്യവും കലാസമ്പത്തും വർണ്ണ -വെളിച്ച വിന്യാസത്താൽ അവതരിപ്പിക്കുന്നതാണ് ഷോയുടെ മുഖ്യആകർഷണം. സ്റ്റേഡിയത്തിന്റെ മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ ചുറ്റളവിൽ വരെ ഈ ആകാശവിസ്മയം ഭംഗിയായി കാണാൻ സാധിക്കും എന്നതും പ്രത്യേകതയാണ്.
തിരുവോണ ദിവസമായ ഇന്ന് രാത്രി 8. 45 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഡ്രോൺ ഷോ നടക്കുക. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഷോ സംഘടിപ്പിക്കും.ബോട്ട് ലാബ് ഡൈനാമികസ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സന്ദർശകർക്കായി ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഗാ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത് ഡ്രോൺ ഷോ ആസ്വദിക്കാൻ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ പരിസരത്ത് എത്താൻ സാധിക്കാത്തവർ വിഷമിക്കേണ്ടതില്ലെന്നും ദൂരെ നിൽ ക്കുമ്പോഴാണ് ഈ വിസ്മയക്കാഴ്ച കൂടുതൽ ഹൃദ്യ മാകുകയെന്നും സംഘാടകർ അറിയിച്ചു. ഷോയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തി.