December 07, 2024

Login to your account

Username *
Password *
Remember Me

ഐസിഐസിഐ ബാങ്ക് നാല് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ തുറന്നു

icici-bank-has-opened-four-digital-banking-units icici-bank-has-opened-four-digital-banking-units
കൊച്ചി: ഇടപാടുകാര്‍ക്ക് ഡിജിറ്റലായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐസിഐസിഐ ബാങ്ക് നാല് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) തുറന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി നിരവധി ജില്ലകളില്‍ 75 ഡിബിയുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 75 ഡിബിയുകള്‍ ധനമന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍, ആര്‍ബിഐ ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസ് എന്നിവരുടെ സാന്നിധ്യത്തില്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. ഉത്തര്‍ഖണ്ഡിലെ ഡെറാഡൂണ്‍, തമിഴ്നാട്ടിലെ കരൂര്‍, നാഗലാന്‍ഡിലെ കൊഹിമ, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ തുറന്നത്.
സ്വയം സഹായ മേഖലയും ഡിജിറ്റല്‍ സഹായമേഖലയുമാണ് ഒരു ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റിലെ രണ്ട് വ്യത്യസ്ത മേഖലകള്‍. സ്വയം സഹായ മേഖലയില്‍ എടിഎം, കാഷ് ഡെപ്പോസിറ്റ് മെഷീന്‍ (സിഡിഎം), മള്‍ട്ടി ഫംഗ്ഷണല്‍ കിയോസ്ക് (എംഎഫ്കെ) എന്നിവയാണുള്ളത്. പാസ്ബുക്ക് പ്രിന്‍റ് ചെയ്യല്‍, ചെക്ക് നിക്ഷേപിക്കല്‍, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് ആക്സസ് ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ കിയോസ്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബാങ്കിന്‍റെ മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഐ-മൊബൈല്‍ പേയില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭിക്കുന്ന ഡിജി ബ്രാഞ്ച് കിയോസ്കും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ബാങ്കിന്‍റെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നിര്‍ബന്ധിത അറിയിപ്പുകളും ഇടപാടുകാര്‍ക്കു ലഭിക്കുന്നതിന് ചാറ്റ്ബോട്ടുമായി സംവദിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ ഇന്‍ററാക്ടീവ് സ്ക്രീനും ഇവിടെ നല്‍കിയിട്ടുണ്ട്. സ്വയം സേവന മേഖല 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്.
ഡിജിറ്റല്‍ സഹായ മേഖലയില്‍ വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ നടത്താന്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ സഹായിക്കുന്നു. സേവിംഗ് അക്കൗണ്ട്, കറന്‍റ് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റ്, ആവര്‍ത്തന നിക്ഷേപം തുറക്കല്‍ തുടങ്ങിയവയ്ക്കു പുറമേ, ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നു. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി ഉപയോഗിച്ച് ഒരു ടാബ്ലെറ്റ് വഴി പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനും ഇന്‍റര്‍നെറ്റ് ബാങ്കിംഗും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളെ സഹായിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഡിജിറ്റല്‍ അസിസ്റ്റന്‍സ് സോണ്‍ തുറന്നിരിക്കും. മാസത്തിലെ ഒന്നും മൂന്നും, അഞ്ച് ശനിയാഴ്ചകളിലും ഇവിടെ സേവനം ലഭ്യമായിരിക്കും.
തങ്ങളുടെ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ഈ ആവശ്യകതകള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഡിബിയുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഐസിഐസിഐ ബാങ്ക് നിയുക്ത എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ഝാ പറഞ്ഞു.
Rate this item
(0 votes)
Last modified on Monday, 17 October 2022 11:30
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.