October 16, 2024

Login to your account

Username *
Password *
Remember Me

ചെ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് 16 മുതൽ തിരുവനന്തപുരത്ത്

ചെ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് നവംബർ 16 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് കായികമന്ത്രി വി. അബ്ദു റഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്യൂബ സന്ദർശനത്തിൽ കായികരംഗത്ത് ക്യൂബയുമായി സഹകരിക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് ചെഗുവേരയുടെ പേരിലുള്ള ഇന്റർനാഷനൽ ചെസ് ടൂർണമെന്റെന്നും മന്ത്രി പറഞ്ഞു.


നവംബർ 16ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ക്യൂബൻ അംബാസഡർ മുഖ്യാതിഥിയാകും. അഞ്ചു ദിവസം നീളുന്ന ടൂർണമെന്റിൽ, വിവിധ തലത്തിലുള്ള മത്സരങ്ങൾ നടക്കും. ക്യൂബൻ ഗ്രാൻഡ് മാസറ്റർമാരും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാരും തമ്മിലാണ് പ്രധാന മത്സരം. ടൂർണമെന്റിനോടനുബന്ധിച്ച് 14 ജില്ലകളിലും ചെസ് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിൽ വിജയിക്കുന്നവരും അണ്ടർ 16, അണ്ടർ 19 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ് വിജയികൾക്കും ക്യൂബൻ, ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർമാരുമായി കളിക്കാൻ അവസരം ലഭിക്കും. 16 ന് ഉദ്ഘാടന ദിവസം ക്യൂബൻ ഗ്രാന്റ് മാസ്റ്റർമാർ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 64 കളിക്കാരുമായി ഒരേ സമയം കളിക്കും. വിദ്യാർഥികൾക്കായി ഒരു ചെസ് ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്.


17 മുതൽ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് മത്സരങ്ങൾ നടക്കുക. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാമനായ ഇന്ത്യൻ ഗ്രാന്റ് മാസ്റ്റർ പ്രാഗ്നാനന്ദയും കേരളത്തിന്റെ സ്വന്തം ഗ്രാന്റ് മാസ്റ്റർ നിഹാൽ സരിനും തമ്മിൽ മത്സരിക്കും. കേരളത്തിലെ ചെസ് കളിക്കാർക്കു വേണ്ടി ക്യൂബയുടേയും ഇന്ത്യയുടേയും താരങ്ങളും പരിശീലകരും നയിക്കുന്ന പ്രത്യേക ശിൽപ്പശാലകൾ സംഘടിപ്പിക്കും. രണ്ടാം ദിനം ക്യൂബയും കേരളവും തമ്മിലുള്ള മത്സരങ്ങൾ നടക്കും. ക്യൂബയിൽ നിന്നുള്ള മൂന്നു ഗ്രാൻഡ്മാസ്റ്റർമാരും ഒരു ഇന്റർനാഷണൽ മാസ്റ്ററും കേരളത്തിൽ നിന്നുള്ള ഒരു ഗ്രാൻഡ് മാസ്റ്റർ, രണ്ട് ഇന്റർനാഷണൽ മാസ്റ്റർമാർ, ഒരു ഫിഡെ മാസ്റ്റർ എന്നിവരും ഈ മത്സരങ്ങളിൽ പങ്കെടുക്കും.


മത്സരങ്ങൾ വലിയ സ്‌ക്രീനിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും. മൂന്നാം ദിവസം രാവിലെയും കേരളവും ക്യൂബയും തമ്മിലുള്ള മത്സരം നടക്കും. അന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന പ്രത്യേക സെഷനിൽ രണ്ട് ഇന്റർനാഷണൽ മാസ്റ്റർമാരുടെ നേതൃത്വത്തിൽ പരിശീലന ശിൽപ്പശാല നടക്കും. നാലാം ദിനം ചെസ് ഗ്രാൻ മാസ്റ്ററും പ്രമുഖ രാജ്യാന്തര ചെസ് പരിശീലകനുമായ ആർ ബി രമേഷ് കുട്ടികൾക്കായി ചെസ് ക്ലാസ് നയിക്കും. പ്രാഗ്നാനന്ദയുടെയും സഹോദരി ആർ വൈശാലിയുടെയും പരിശീലകൻ കൂടിയാണ് രമേശ്. അഞ്ചാം ദിനം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കും. ഗ്രാൻഡ്മാസ്റ്റർ പ്രാഗ്നാനന്ദയും ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിനും മൂന്നു മത്സരങ്ങൾ കളിക്കും. ഉച്ചയ്ക്ക് ശേഷം പ്രഗാനന്ദയും നിഹാലും കേരളത്തിലെ തെരഞ്ഞെടുത്ത 16 ബാല താരങ്ങളുമായി ഒരേ സമയം കളിക്കും. സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന മത്സരത്തിന്റെ നടത്തിപ്പ് ചുമതല സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സ്‌പോർട്‌സ് കേരള ഫൗണ്ടേഷനും ചേർന്നാണ് നിർവഹിക്കുകയെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.