കാലിഫോർണിയ: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്യണ്‍ ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുക. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ തീരുമാനം വോട്ടെടുപ്പിനായി വന്നപ്പോഴാണ് ഓഹരി ഉടമകള്‍ തീരുമാനത്തിന് പിന്തുണ അറിയിച്ചത്. മസ്‌കിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി ട്വിറ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മസ്‌ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്.
ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുക്കുന്നതിനായുള്ള മസ്‌കിന്റെ ഈ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വാങ്ങുന്നതില്‍ ആദ്യഘട്ടത്തില്‍ ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 15 ശതമാനത്തിലധികം ഓഹരി വാങ്ങാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടുകയും അതുവഴി പൂര്‍ണമായ ഏറ്റെടുക്കാനുള്ള നീക്കം തടസപ്പെടുന്നതുമായിരുന്നു ആ നിയന്ത്രണം.
തൊട്ടുപിന്നാലെ ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക് പിന്മാറുകയുമുണ്ടായി. തുടര്‍ന്ന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ശേഷം ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താല്‍പര്യം മസ്‌ക് പ്രകടിപ്പിക്കുകയായിരുന്നു.