May 07, 2024

Login to your account

Username *
Password *
Remember Me

നിപ പ്രതിരോധം കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

*നിപയുടെ ആഘാതം പരമാവധി കുറയ്ക്കാനായെന്ന് എൻ.സി.ഡി.സി. ഡയറക്ടർ


കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) ഡയറക്ടർ. സർക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്. നിപയുടെ പൊതുജനാരോഗ്യ ആഘാതം പരിമിതപ്പെടുത്തുന്നതിൽ സംസ്ഥാനം വിജയം കൈവരിച്ചതായും കത്തിൽ എടുത്തു പറയുന്നു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും ജില്ലയിലുമുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും, ജില്ലാ ഭരണകൂടം, പോലീസ്, വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കോഴിക്കോട് കോർപറേഷൻ തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് കോഴിക്കോട് നടത്തിയത്. മന്ത്രി വീണാ ജോർജ് കോഴിക്കോട് ക്യാമ്പ് ചെയ്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മറ്റ് മന്ത്രിമാർ, എംപിമാർ, എം.എൽ.എ.മാർ, ചീഫ് സെക്രട്ടറി, ജില്ലാകളക്ടർ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ നിപ പ്രതിരോധത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. സർവകക്ഷി യോഗം പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.


കഴിഞ്ഞ മാസം 11നു സ്വകാര്യ ആശുപത്രിയിൽ അസ്വാഭാവിക മരണം ഉണ്ടായപ്പോൾതന്നെ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ജാഗ്രതാ നിർദേശം നൽകി. രാത്രി മെഡിക്കൽ കോളേജിലെ പരിശോധനാ ഫലം പോസറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാമ്പിളുകൾ എൻ.ഐ,വി പൂനെയിലേക്ക് അയച്ചു. പിറ്റേ ദിവസം അതിരാവിലെ ആരോഗ്യ വകുപ്പ് മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കോഴിക്കോടെത്തി യോഗം ചേർന്ന് നിപ പ്രതിരോധം ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും നിപ ആക്ഷൻ പ്ലാൻ പ്രകാരം 19 ടീമുകൾ ഉൾപ്പെട്ട നിപ കോർ കമ്മറ്റി രൂപീകരിച്ചു. നിപ കൺട്രോൾ റൂമും കോൾ സെന്ററും സ്റ്റേറ്റ് കൺട്രോൾ റൂമും സജ്ജമാക്കി.


കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ സൗകര്യവും, ഐ.സി.യു വെന്റിലേറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി എംഎൽഎമാരുടേയും പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും യോഗം വിളിച്ച് ചേർത്ത് തയ്യാറെടുപ്പുകൾ വിലയിരുത്തി. സമ്പർക്കപ്പട്ടികയിലുള്ളവരെ കൃത്യമായി കണ്ടെത്താനും അവരെ ഐസൊലേറ്റ് ചെയ്യിക്കാനും കഴിഞ്ഞു. പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ പോലീസ് സഹായം തേടുകയും ചെയ്തു. കോഴിക്കോട്, ആലപ്പുഴ, തോന്നയ്ക്കൽ ലാബുകൾക്ക് പുറമേ നിപ പരിശോധിക്കുന്നതിനുള്ള കൂടുതൽ സൗകര്യമൊരുക്കി. എൻഐവി പൂനെയുടേയും രാജീവ്ഗാന്ധി ബയോടെക്നോളജിയുടേയും മൊബൈൽ ലാബ് കോഴിക്കോടെത്തിച്ചു. മാത്രമല്ല ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളൊരുക്കി.


ആദ്യം മരണമടഞ്ഞ വ്യക്തിയ്ക്ക് നിപയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞത് മറ്റൊരു നേട്ടമായി. കൂടുതൽ മരണം ഉണ്ടാകാതെ നോക്കാനും 9 വയസുകാരനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കാനും സാധിച്ചു. നിപ പോസിറ്റീവായി ചികിത്സയിലുള്ള എല്ലാവരും ഡബിൾ നെഗറ്റീവായി ആശുപത്രി വിട്ടു. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്തി. എക്സ്പേർട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഫീൽഡിൽ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. ടെലി മനസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലുള്ളവരെ ഫോണിൽ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി. ഇ സഞ്ജീവനിയിൽ നിപ ഒപി ആരംഭിച്ചു. കേന്ദ്ര സംഘവും ഏകോപിച്ച് പ്രവർത്തിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർ ഭവന സന്ദർശനം നടത്തി.


എല്ലാ ദിവസവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ കോർ കമ്മിറ്റി യോഗവും വൈകുന്നേരം അവലോകന യോഗവും ചേർന്നു. നേരിട്ട് എത്താൻ കഴിയാത്തപ്പോൾ ഓൺലൈനായി മന്ത്രി യോഗത്തിൽ പങ്കെടുത്തു. നിപയുടെ ഇൻക്യുബേഷൻ പീരീഡ് ഒക്ടോബർ 5ന് കഴിഞ്ഞെങ്കിലും ഡബിൾ ഇൻക്യുബേഷൻ പീരീഡ് പൂർത്തിയാകുന്ന ഒക്ടോബർ 26 വരെ ആരോഗ്യ വകുപ്പ് ജാഗ്രത തുടരുകയാണ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.