April 25, 2024

Login to your account

Username *
Password *
Remember Me

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങൾ തുടരും: മന്ത്രി വീണാ ജോർജ്

ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി സൗകര്യം തുടരും. സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ ലഭ്യമാക്കും. പൾമനോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങളുമുണ്ടാകും. 24 മണിക്കൂർ ആംബുലൻസ് സേവനം തുടരും. ആരോഗ്യ സർവേ പൂർത്തിയാക്കി കൃത്യമായ വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി രൂപീകരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്ന് നിലവിലെ ആരോഗ്യ സാഹചര്യം മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി. മറ്റു ജില്ലകളിൽ നിന്ന് തീ അണയ്ക്കലിന് എത്തിയ അഗ്‌നി രക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് മെഡിക്കൽ പരിശോധന കൃത്യമായ ഇടവേളകളിൽ നടത്താൻ മന്ത്രി നിർദേശിച്ചു. ആവശ്യമെങ്കിൽ ചികിത്സയും ലഭ്യമാക്കും.


കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളിലെ ക്രമീകരണം, മഴക്കാലപൂർവ ശുചീകരണം-ആരോഗ്യജാഗ്രത കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. ജില്ലയിൽ ആകെ 406 ആക്ടീവ് കോവിഡ് കേസുകളാണു നിലവിലുള്ളത്. 13 പേർ ഐ.സി.യുവിൽ ചികിത്സയിലാണ്. പ്രായമായവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. കോവിഡ് വർധിക്കുകയാണെങ്കിൽ ഐ.സി.യു കിടക്കകൾ ഉൾപ്പെടെ എല്ലാ സൗകര്യവും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഗർഭിണികൾ, കുട്ടികൾ, മുതിർന്നവർ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ, ആശുപത്രിയിലെത്തുന്നവർ തുടങ്ങിയവർ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലർത്തണമെന്നും മന്ത്രി നിർദേശിച്ചു.


എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എസ് ശ്രീദേവി, ദേശിയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ, ആരോഗ്യവകുപ്പിലെ മറ്റ് ഡോക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.