April 25, 2024

Login to your account

Username *
Password *
Remember Me

ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ തീവ്രയജ്ഞം: മന്ത്രി വീണാ ജോര്‍ജ്

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് രോഗങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടപ്പിലാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാ സൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.

ഹെപ്പറ്റൈറ്റിസ് ഇനി കാത്തുനില്‍ക്കാനാകില്ല, പരിരക്ഷ നിങ്ങളിലേക്ക് എന്നതാണ് ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണ സന്ദേശം. ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്.

പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധനവ് തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്. ഈ ലക്ഷ്യം നേടാന്‍ ജനനത്തില്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. രോഗബാധിതയായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ജനനത്തില്‍ തന്നെ ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യുണോഗ്ലോബുലിനും നല്‍കേണ്ടതാണ്. എല്ലാ ഗര്‍ഭിണികളുംഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുന്നതിനുളള പരിശോധനകള്‍ ചെയ്യേണ്ടതാണ്.

തീവ്രരോഗബാധയുണ്ടാകാന്‍ ഇടയുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇപ്പോള്‍ ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും ചികിത്സയും മരുന്നുകളും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളാണ്.

ഹെപ്പറ്റൈറ്റിസ് എയും ഇയും മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും രക്തം, ശരീര സ്രവങ്ങള്‍, യോനീസ്രവം, രേതസ് എന്നിവയിലൂടെയാണ് പകരുന്നത്.

ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
· തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
· ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുക
· മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
· മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.
· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.

ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
· ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക.
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
· കാത്, മൂക്ക് എന്നിവ കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.