ബോളിവുഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഷാരൂഖ് ഖാൻ ചിത്രം പത്താൻ. നാല് ദിവസത്തിൽ ലോകവ്യാപകമായി 429 കോടി രൂപയാണ് പത്താൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഹിന്ദി സിനിമകളിൽ ഏറ്റവും വേഗത്തിൽ 200 കോടി രൂപ കളക്ട് ചെയ്യുന്ന സിനിമയാണ് പത്താൻ. കെജിഎഫ്-2, ബാഹുബലി 2 എന്നീ സിനിമകളുടെ ഹിന്ദി പതിപ്പിനെയാണ് പത്താൻ ഇതിനോടകം പിന്നിലാക്കിയത്.
ഇന്ത്യയിൽ നിന്ന് 265 കോടി രൂപ കളക്ട് ചെയ്ത ചിത്രം വിദേശത്തുനിന്ന് 164 കോടി രൂപയും നേടി. ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡും പത്താൻ പഴങ്കഥയാക്കിയിരുന്നു. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപ ആയിരുന്നു.