April 20, 2024

Login to your account

Username *
Password *
Remember Me

31 വർഷം, അമ്പതോളം ചിത്രങ്ങളിൽ സഹസംവിധായകൻ, ഒടുവിൽ സ്വതന്ത്ര സംവിധാകനാകുന്ന സതീഷ്

കൊച്ചി: 1991 മുതൽ മലയാള സിനിമയിൽ സഹ സംവിധായകനായ പ്രവർത്തിക്കുന്ന കെ സതീഷ് സ്വതന്ത്ര സംവിധായകനാകുന്നു. ആഗസ്റ്റ് 5ന് റിലീസാകുന്ന ടു മെൻ എന്ന ചിത്രത്തിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ സതീഷ് തന്റെ കരിയറിലെ പുതിയ അദ്ധ്യായത്തിന് തുടക്കമിടുന്നത്. നിരവധി സംവിധായകർക്കൊപ്പം സഹസംവിധായകനായിരുന്ന അദ്ദേഹം അമ്പതോളം ചിത്രങ്ങളിലാണ് ഇതിനകം പ്രവർത്തിച്ചിട്ടുള്ളത്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സമയത്താണ് സതീഷ് ആദ്യമായി സിനിമയിൽ എത്തുന്നത്. തന്റെ ഒരു സുഹൃത്ത് വഴി സംവിധായകൻ സുരേഷ് ഉണ്ണിത്താനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്. എന്നാൽ അദ്ദേഹം ആദ്യം സതീഷിനെ നിരുത്സാഹപ്പെടുത്തി. നിലവിലുള്ള നല്ല ജോലി കളയേണ്ട എന്നായിരുന്നു ഉപദേശം. പക്ഷെ സതീഷ് പിൻമാറിയില്ല. 1991ൽ മുഖചിത്രം എന്ന സിനിമയിൽ സഹ സംവിധായകനായി കെ. സതീഷ് കുമാർ തുടക്കം കുറിച്ചു. അധികം വൈകാതെ സുരേഷ് ഉണ്ണിത്താന്റെ അസ്സോസിയേറ്റ് ആവുകയും ചെയ്തു.

ഇതിനിടെ വിജി തമ്പിയെ പരിചയപ്പെടാനിടയായി. അങ്ങനെ അദ്ദേഹം സംവിധാനം ചെയ്ത സത്യമേവ ജയതേ എന്ന ഹിറ്റ് ചിത്രത്തിൽ ഭാഗമായി. പിന്നാലെ തുളസിദാസിനൊപ്പം മിസ്റ്റർ ബ്രഹ്‌മചാരി, അവൻ ചാണ്ടിയുടെ മകൻ എന്നീ ചിത്രങ്ങൾ. പിന്നീടുള്ള രണ്ട് പതിറ്റാണ്ടോളം കേരത്തിലെ തിരക്കേറിയ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു സതീഷ്.

ഇതിനിടെ പല തവണ സ്വന്തമായി സിനിമ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഏത് താരത്തോടും പോയി കഥ പറയാനുള്ള പരിചയം അക്കാലത്ത് മലയാള സിനിമയിൽ സതീഷിന് ഉണ്ടായിരുന്നു. എന്നിട്ടും സ്വന്തം സിനിമ യാഥാർത്ഥ്യമായില്ല. 2007ൽ തിരക്കഥാകൃത്ത് ജിനു എബ്രഹാമിനൊപ്പം (ആദം ജോൺ, കടുവ) തയ്യാറാക്കിയ പ്രൊജക്ട് പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച ശേഷം മുടങ്ങുകയായിരുന്നു. ബിജു മേനോനും, കലാഭവൻ മണിയുമായിരുന്നു ആ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. താരങ്ങൾക്കും ടെക്‌നീഷ്യൻമാർക്കും അഡ്വാൻസ് കൊടുത്തിരുന്നു, പാട്ട് റെക്കോഡിങ്ങും കഴിഞ്ഞിരുന്നു. എന്നാൽ തിരക്കുള്ള രണ്ടുപേരുടെയും ഡേറ്റ് ഒത്തുവരുന്നില്ല. രണ്ടര വർഷം ആ പ്രോജെക്ടറ്റുമായി കടന്നുപോയി. ഒടുവിൽ ഉപേക്ഷിക്കപ്പെട്ടു.

കടുത്ത നിരാശ ബാധിച്ച സതീഷ് വീട്ടിൽ ഇരിപ്പായി. സാമ്പത്തിക പ്രതിസന്ധി കൂടി വന്നതോടെ വീണ്ടും അസോസിയേറ്റ് പണിക്ക് പോകാൻ തീരുമാനിച്ചു. അങ്ങിനെ കടാക്ഷം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് വന്നു. വീണ്ടും തിരക്കായി. ഇതിനിടയിലും സ്വന്തമായി സിനിമ ചെയ്യാൻ കഥകൾ കേട്ടു. പ്രായം 50 കടന്നതോടെ സതീഷ് ഇനി സ്വന്തമായി സിനിമ ചെയ്യില്ലെന്ന് പലരും വിചാരിച്ചു. എന്നാൽ സുഹൃത്തുക്കളായ സിനിമ പ്രവർത്തകർ സതീഷിന് ആത്മവിശ്വാസം നൽകാൻ ശ്രമിച്ചു. അങ്ങനെ അടുത്ത പ്രോജക്ടിന്റെ ജോലികൾ തുടങ്ങിയപ്പോഴാണ് കോവിഡ് വരുന്നത്. വീണ്ടും ജീവിതം പ്രതിസന്ധിയിലായി.

കോവിഡ് കാലത്ത് സിനിമക്കുണ്ടായ മാറ്റത്തെ മനസിലാക്കി ചെറിയ ലൊക്കേഷനിൽ ചിത്രീകരിക്കുന്ന, കുറച്ചു താരങ്ങൾ മാത്രമുള്ള സിനിമ എന്ന ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങി. അവിടെയും ഏറെ പ്രതിബന്ധങ്ങൾ. അവസാനം സ്വന്തമായി ഒരു കഥ തയ്യാറാക്കാൻ തീരുമാനിച്ചു. അതുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. 31 വർഷം നീണ്ട സിനിമാ ജീവിതത്തിനൊടുവിൽ തന്റെ അമ്പത്തേഴാം വയസ്സിൽ കെ സതീഷ് സ്വതന്ത്ര സംവിധായകനാവുകയാണ്. ആഗസ്റ്റ് 5ന് റിലീസാകുന്ന ടു മെൻ ആണ് ആ ചിത്രം.
 
Image
ഒരു യാത്രയിൽ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് ടു മെൻ. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച ചിത്രം പൂർണമായും ദുബായിയിൽ ആണ് ചിത്രീകരിച്ചത്. എംഎ നിഷാദും ഇർഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവിയാണ് ചിത്രം. ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, ഡോണി ഡാർവിൻ, മിഥുൻ രമേഷ്, കൈലാഷ്, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമി നിർവഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. എഡിറ്റിംഗ്- വി. സാജൻ. ഡാനി ഡാർവിൻ, ഡോണി ഡാർവിൻ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഡി ഗ്രൂപ്പാണ് വിതരണക്കാർ. ഡ്രീം ബിഗ് ഫിലിംസാണ് വിതര പങ്കാളികൾ. പിആർ ആൻഡ് മാർക്കറ്റിംഗ്: കണ്ടന്റ് ഫാക്ടറി, പി. ആർ. ഒ: എ. എസ്. ദിനേശ്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.