ജനകീയ ശുചീകരണ യജ്ഞത്തോടെയാണ് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും പ്രവേശനോത്സവത്തിന് തയാറാകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ശുചീകരണം – സംസ്ഥാനതല ഉദ്ഘാടനം കരമന ഗവ. ബോയ്സ് എച്ച്.എസ്.എസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കുകയാണ്. സ്കൂൾ തറക്കുന്നതിന് മുന്നോടിയായി മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെയും ഏജൻസികളുടെയും അധ്യക്ഷൻമാരുടെയും യോഗം വിളിച്ചു ചേർത്ത് ഒരു മാസക്കാലം നീണ്ടു നിൽകുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുണ്ടായി. സ്കൂൾതലം വരെ എല്ലാ നിർദേശങ്ങളും നൽകി ആവശ്യമായ മുന്നൊരുക്കം പൂർത്തിയാക്കിയാണ് സ്കൂൾ തുറക്കലിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി എല്ലാ വിദ്യാലങ്ങളിലും നടക്കും. ജനപ്രതിനിധികൾ, അധ്യാപകർ, തൊഴിലാളികൾ, രക്ഷകർത്താക്കൾ, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട്സ് കേഡറ്റുകൾ, ജീവനക്കാർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വിദ്യാർഥി – യുവജന – മഹിളാ സംഘടനകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയാണ് അതതു പ്രദേശത്തെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മാലിന്യ മുക്ത വിദ്യാലയം എന്നതാണ് നമ്മുടെ മുദ്രാവാക്യം. വേനൽമഴയുടെ സാഹചര്യത്തിലും പ്രതിസന്ധികൾ തരണം ചെയ്ത് വിദ്യാലയങ്ങൾ കുട്ടികൾക്കായി സജ്ജമാക്കുന്ന വലിയ ഉത്തരവാദിത്വം പൊതുസമൂഹം ഏറ്റെടുത്തിരിക്കുകയാണ്.
പാഠപുസ്തകങ്ങളും യൂണിഫോമും എല്ലാം സമയബന്ധിതമായി തന്നെ വിതരണം ചെയ്യുകയാണ്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത മുന്നൊരുക്കങ്ങളാണ് കേരളം പൂർത്തീകരിക്കുന്നത്. ജൂൺ 3ന് എറണാകുളം ജില്ലയിലെ എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഉത്സവ ലഹരിയിൽ നടക്കുന്ന വിദ്യാലയ ആഘോഷത്തിൽ എല്ലാ ജനവിഭാഗങ്ങളും പങ്കാളികളാകും. ഈ പ്രവർത്തനങ്ങൾക്കാകെ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പ്രവേശനോത്സവം പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.