April 28, 2024

Login to your account

Username *
Password *
Remember Me

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ഭാവിയുടെ പ്രതീക്ഷയായി മാറുന്നു: മുഖ്യമന്ത്രി

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം അക്കാദമിക തലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ശക്തിപ്പെടുകയാണെന്നും ഭാവിയുടെ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചുരുങ്ങിയ കാലംകൊണ്ടു കേരളം കൈവരിച്ച വലിയ നേട്ടങ്ങൾ മറച്ചുവച്ച്, ഏതെല്ലാംതരത്തിൽ ഇകഴ്ത്തിക്കാണിക്കാൻ പറ്റുമെന്നും അതിനു വസ്തുതകളില്ലെങ്കിൽ സാങ്കൽപ്പിക കഥകൾപോലും മെനയാൻ തയാറാകുന്ന നിർഭാഗ്യകരമായ അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഭാധനരായ 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരങ്ങളുടെ വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഉന്നമനത്തിനുമായി കിഫ്ബിയിലൂടെ 700 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായും 750 കോടി രൂപയുടെ പദ്ധതികൾക്കുള്ള അംഗീകാരം അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 6000 കോടി രൂപയിലധികം മാറ്റിവയ്ക്കാൻ സർക്കാരിനു കഴിഞ്ഞു. 149 സീറ്റുകൾ പുതുതായി അനുവദിച്ചു. ആറു സ്വകാര്യ കോളജുകളും ഒരു പുതിയ എയ്ഡഡ് കോളജും അനുവദിച്ചു. 131 ബിരുദ പ്രോഗ്രാമുകൾക്ക് അനുമതി നൽകി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 612 കോടി രൂപ അനുവദിച്ചു. ഈ മേഖലയ്ക്കായുള്ള സംസ്ഥാന ബജറ്റിലെ അടങ്കൽത്തുക കഴിഞ്ഞ വർഷത്തേതിനേക്കാൾ 20 ശതമാനം വർധിപ്പിച്ചു. റൂസ പദ്ധതി പ്രകാരം 153 നിർമാണ പ്രവർത്തനങ്ങൾക്ക് 565 കോടി രൂപ അനുവദിച്ചു. ദേശീയ അടിസ്ഥാനത്തിൽ റൂസ ഫണ്ടിങ്ങിന് അർഹത നേടിയ ഏറ്റവും കൂടുതൽ കോളജുകളുള്ളതു കേരളത്തിലാണ്.


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കു മികച്ച ഫലം സൃഷ്ടിക്കാനായിട്ടുണ്ട്. നാക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ++ നേടി. രാജ്യത്ത് ആകെ ആറു സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. കാലിക്കറ്റ്, കൊച്ചി, സംസ്‌കൃത സർവകലാശാലകൾ എ+ ഗ്രേഡ് സ്വന്തമാക്കി. കോളജുകൾക്കുള്ള നാക് അക്രഡിറ്റേഷനിൽ 16 കോളജുകൾ എ++ ഉം 26 കോളജുകൾ എ+ ഗ്രേഡും 53 കോളജുകൾ എ ഗ്രേഡും സ്വന്തമാക്കി. എംജി യൂണിവേഴ്സിറ്റി ടൈം ഹയർ എഡ്യൂക്കേഷൻ വേൾഡ് റാങ്കിങ്ങിൽ 401 - 500 റാങ്കിൽ ഇടംനേടി. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോയിൽ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞു. ദേശീയ ഉന്നത വിദ്യാഭ്യാസ സർവെയനുസരിച്ചു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ 43 ശതമാനമായി ഉയർന്നു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും നീതി ആഗോയിന്റെയും അംഗീകാരങ്ങൾ സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞു.


ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ടിൽ രാജ്യത്തെ ഏറ്റവും തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാം സ്ഥാനത്ത് എത്തി. ഇതിന് അടിത്തറയൊരുക്കിയത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നാം നടത്തിയ ഇടപെടലുകളാണ്. അതു നല്ല മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ഈ രീതിയിൽ പോയാൽ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും പുറത്തുള്ള വിദ്യാർഥികൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് മനസിലാക്കി ഇങ്ങോട്ടു വരാനും ഇവിടെ പഠിക്കാനും താത്പര്യപ്പെടും. ഇത്തരം കാര്യങ്ങൾ നാടോ ബഹുജനങ്ങളോ വിദ്യാർഥികളോ അക്കാദമിക സമൂഹമോ അറിയാതിരിക്കണമെന്നു നിർബന്ധമുള്ള ഒരു വിഭാഗം കേരളത്തിലുണ്ട്. മറ്റു നാടുകൾ ഇതുപോലുള്ള നേട്ടങ്ങളിൽ മതിമറന്ന് ആഹ്ലാദിക്കുകയാണ്. എന്നാൽ, ഇവിടെ അത്തരം കാര്യങ്ങളിലല്ല പലർക്കും താത്പര്യം. എന്നാൽ അതുകൊണ്ടു വസ്തുത വസ്തുതയല്ലാതാകുന്നില്ല. കേരള സർവകലാശാല എ++ നേടിയെന്നു പറയുമ്പോൾ അക്കാദമിക് സമൂഹത്തിൽ നല്ലൊരുപങ്ക് അതു തിരിച്ചറിയുന്നുണ്ട്. അതു മറച്ചുവയ്ക്കാൻ ശ്രമിച്ചാലും വസ്തുത അംഗീകരിക്കപ്പെടുകയാണ്. ഒരു നേട്ടവും പെട്ടെന്ന് ഒരു ദിവസംകൊണ്ട് ഉണ്ടാകുന്നതല്ല. അതിന് അതിന്റേതായ സമയമെടുക്കും. ആ നേട്ടം നേടാവുന്ന പാതയിലാണു കേരളം ഇപ്പോഴുള്ളതെന്നതാണ് ഈ പുരോഗതി കാണിക്കുന്നത്.


ചില വിദ്യാർഥികളെങ്കിലും ബിരുദം കഴിഞ്ഞാൽ പിന്നെ കൂടുതൽ പഠിക്കേണ്ടെന്നു ചിന്തിക്കാറുണ്ട്. അല്ലെങ്കിൽ കൂടിയാലൊരു ബിരുദാന്തര ബിരുദംകൂടി നേടാമെന്നാകും ചിന്ത. അങ്ങനെ ചിന്തിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ലോകം ചടുലമായി മാറുകയാണ്. കൺചിമ്മുന്ന വേഗത്തിലാണു വിജ്ഞാനം നവീകരിക്കപ്പെടുന്നത്. പാഠപുസ്തകങ്ങളിൽനിന്നു ലഭിക്കുന്ന അറിവുകൾ ആത്യന്തികമാണെന്നു ചിന്തിക്കുന്നത് അബദ്ധമാകും. അങ്ങനെവന്നാൽ വൈജ്ഞാനിക ശൃംഘലയിൽ നാം പിന്തള്ളപ്പെട്ടുപോകും. വിജ്ഞാനത്തെ എപ്പോഴും നവീകരിക്കാൻ കഴിയണം. നവീകരിച്ചു മുന്നോട്ടുപോകാൻ തയാറാകണം. അതിനുള്ള പ്രചോദനമാകണം വിദ്യാർഥി പ്രതിഭാ പുരസ്‌കാരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.


നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമാണുള്ളതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ലോകോത്തര നിലവാരമുള്ള പഠനാന്തരീക്ഷവും അക്കാദമിക ഗുണമേന്മാവർധനവും അടിസ്ഥാന സൗകര്യ വികസനവും സംസ്ഥാനത്തെ വിദ്യാർഥികൾക്കു നൽകുകയെന്ന ലക്ഷ്യം സർക്കാർ ഏറ്റെടുത്തു നടപ്പാക്കുകയാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനൊപ്പം അറിവന്വേഷണം ആഗ്രഹിക്കുന്നവർക്കു ഗവേഷണ മേഖലയിലേക്കു നീങ്ങുന്നതിനും മുൻഗണന നൽകുകയാണ്. ഇതിന്റെ ഭാഗമായാണ് 1000 വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്‌കാരം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.