April 28, 2024

Login to your account

Username *
Password *
Remember Me

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികളുടേയും അധ്യാപകരുടേയും വകുപ്പിന്റെയും പ്രവർത്തനം വിലയിരുത്താൻ വിപുലമായ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് - പ്രീ സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസവും തുടർ വിദ്യാഭ്യാസവും എന്നിവയുടെ കരട് പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അഞ്ചു വയസ് വരെയുള്ള കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, വൈകാരിക വികാസത്തിന് ഊന്നൽനൽകിയുള്ള പാഠ്യപദ്ധതി രൂപീകരണമാണ് പ്രീപ്രൈമറി പാഠ്യ പദ്ധതി പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ശൈശവകാല വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളായ അടിസ്ഥാന ശേഷി വികാസം, വളർച്ച, ഔപചാരിക വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പ് എന്നിവയ്ക്കെല്ലാം പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് ഊന്നൽ നൽകുന്നുണ്ട്. സംസ്ഥാനം ആദ്യമായി മുതിർന്നവരുടെ വിദ്യാഭ്യാസത്തിനും തുടർ വിദ്യാഭ്യാസത്തിനുമായി പാഠ്യ പദ്ധതി തയാറാക്കുകയാണ്. ലോകത്താകമാനം തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ശക്തി വർധിക്കുന്ന സമയത്താണ് സംസ്ഥാനത്തിന്റെ ഈ തീരുമാനം. ലോകമാകെ സാങ്കേതികവിദ്യയുടെ വളർച്ചയോടെ അറിവിന്റെ വ്യാപ്തി വർധിച്ചുവരികയാണ്. ഓരോ വ്യക്തിക്കും അഭിരുചിയുടെ അടിസ്ഥാനത്തിൽ കോഴ്സുകൾ തെരഞ്ഞെടുക്കാനും സ്വന്തം സമയത്തിനനുസരിച്ച് അവ പൂർത്തീകരിക്കാനുമുള്ള സൗകര്യം ഈ മേഖല തുറന്നുനൽകുന്നണ്ട്. സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും കാലം ആവശ്യപ്പെടുന്നതരത്തിലുള്ള കോഴ്സുകൾ രൂപപ്പെടുത്താനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.


വായനശാലകളെ ജനകീയ സർവകലാശാലകളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ സ്‌കോൾ കേരള പോലുള്ള ഏജൻസികൾക്കു കഴിയുമോയെന്നു പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തുടർ വിദ്യാഭ്യാസം ലക്ഷ്യംവച്ചാണു സർക്കാർ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ഇതേ രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സ്‌കോൾ കേരളയും സജ്ജമാകണം. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകരുടെ പരിശീലന പരിപാടികൾ കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണം. നല്ല കരിക്കുലം മികച്ച അധ്യാപകരിലൂടെ വിദ്യാർഥികൾക്കു പകർന്നു നൽകി നല്ല സമൂഹം സൃഷ്ടിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് രേഖകൾ നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സെമിനാറും നടന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.