September 07, 2024

Login to your account

Username *
Password *
Remember Me

നാഷണൽ സർവീസ് സ്‌കീം വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നു: മന്ത്രി വി ശിവൻകുട്ടി

തന്റേതായ ചുരുങ്ങിയ ലോകത്തിൽ നിന്ന് വിശാല ലോകത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച 'പ്രോജ്ജ്വലം' -വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ലെവൽ അവാർഡ് സമർപ്പണ ചടങ്ങും ഓറിയന്റേഷൻ ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനവും തിരുവനന്തപുരം ശിക്ഷക് സദനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ക്യാമ്പസുകളുടെ പ്രാധാന്യമേറി വരികയാണ്. സാമൂഹിക പ്രശ്‌നങ്ങളിൽ സഹപാഠികളുടെ കൂടി കൂട്ടായ്മയൊരുക്കി വിവിധ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് കഴിയുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ ക്ലാസ് മുറികളിൽ നിന്ന് നേടുന്ന നൈപുണ്യം സമൂഹത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രളയം, കോവിഡ് പോലെ സമൂഹം ആവശ്യപ്പെട്ട സാഹചര്യങ്ങളിൽ സഹായ ഹസ്തവുമായെത്താൻ വിദ്യാർഥികൾക്കായി. ക്യാമ്പസ് കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് മികച്ച പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്‌സി’ലടക്കം നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച പ്രവർത്തനങ്ങൾ തുടരണം. മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച, അവാർഡിനർഹരായ എൻ എസ് എസ് യൂണിറ്റുകൾ, വിദ്യാർഥികൾ, പ്രോഗ്രാം ഓഫീസർമാർ എന്നിവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.


ജീവിത പരീക്ഷയിൽ വിജയിക്കാൻ പ്രാപ്തമാക്കുന്ന കൂട്ടായ്മയാണ് എൻ എസ് എസെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലഹരി വിരുദ്ധ ക്യാമ്പയിനിലും മാലിന്യ നിർമാർജനത്തിലുമടക്കം ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ എൻ എസ് എസിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് സ്വാഗതമാശംസിച്ചു. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.അൻസർ ആർ.എൻ, റീജിയണൽ ഡയറക്ടർ ശ്രീധർ ഗുരു എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. എൻ.എസ്.എസ് ഇ.ടി.ഐ കോർഡിനേറ്റർ ഡോ. സണ്ണി, എൻ.എം സന്ദേശം വായിച്ചു. വി.എച്ച്.എസ്.ഇ, ഡെപ്യൂട്ടി ഡയറക്ടർമാരായ ടിവി. അനിൽ കുമാർ, മിനി ഇ ആർ, ശെൽവ മണി, അസിസ്റ്റന്റ് ഡയറക്ടർ സിന്ധു ആർ എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത്ത് പി നന്ദി അറിയിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.