May 02, 2024

Login to your account

Username *
Password *
Remember Me

ജി.എസ്.ടി. പുനഃസംഘടന പഠിക്കാൻ ആന്ധ്ര സംഘം കേരളത്തിൽ; രാജ്യത്തെ ഏറ്റവും സമഗ്ര പുനഃസംഘടനയെന്നു വിലയിരുത്തൽ

സംസ്ഥാനത്തെ ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിക്കാൻ ആന്ധ്ര പ്രദേശിൽനിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തി. ജി.എസ്.ടി. വകുപ്പിൽ രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പുനഃസംഘടന നടന്നതു കേരളത്തിലാണെന്നു സംഘം അഭിപ്രായപ്പെട്ടു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ജി.എസ്.ടി. പുനഃസംഘടന പഠിക്കാൻ പോയിട്ടുണ്ടെങ്കിലും വാറ്റ് നിയമത്തിന്റെ രീതിയിൽനിന്നു പൂർണമായും ജി.എസ്.ടിയിലേക്കു മാറിയ ഭരണ സംവിധാനം കേരളത്തിന്റേതു മാത്രമാണെന്നും അതു രാജ്യത്തിനു മാതൃകയാണെന്നും സംഘം അഭിപ്രായപ്പെട്ടു.


കേരളത്തിലെ ജിഎസ്ടി ഇന്റലിജൻസിന്റെ പ്രവർത്തനം പഠിക്കുന്നതിനായി ആന്ധ്രാപ്രദേശിൽ നിന്നുള്ള 22 അംഗ ഉദ്യോഗസ്ഥ സംഘമാണു കേരളം സന്ദർശിച്ചത്. സെപ്റ്റംബർ 11 മുതൽ 15 വരെ തീയതികളിൽ സംഘത്തിനായി സംസ്ഥാന നികുതി വകുപ്പ് ശ്രീകാര്യത്തുള്ള ഗുലാത്തി ഇന്റസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ചു ക്ലാസുകളും ശിൽപ്പശാലകളും ഫീൽഡ് വിസിറ്റുകളും സംഘടിപ്പിച്ചു. ആന്ധ്രാപ്രദേശ് ചീഫ് കമ്മീഷണർ എം. ഗിരിജാശങ്കർ, സ്‌പെഷ്യൽ കമ്മീഷണർ എം. അഭിഷേക്ത് കുമാർ, ജോയിന്റ് കമ്മീഷണർ ഒ. ആനന്ദ്, അഡീഷണൽ കമ്മീഷണർ കൃഷ്ണമോഹൻ റെഡ്ഡി എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥരുടെ സംഘമാണ് പഠനത്തിനായി വന്നത്. സംസ്ഥാന ജിഎസ്ടി കമ്മീഷണർ അജിത് പട്ടീൽ, അഡിഷണൽ കമ്മീഷണർ എബ്രഹാം റെൻ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശീലനം നയിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ജിഎസ്ടി വകുപ്പിലെ പുനഃസംഘടന, ഇന്റലിജൻസിന്റെ പ്രാധാന്യം, പ്രവർത്തനം, പരിശോധന, പരിശോധനയുടെ പെരുമാറ്റവശം, നിയമവശം, ഭരണവശം എന്നിവ വിശദമായി പ്രതിപാദിച്ചു.


കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ തുടർച്ചയായാണ് ആന്ധ്രാപ്രദേശ് സംഘം കേരളത്തിൽ വരുന്നത്. കേരളത്തിലെ ഇന്റലിജൻസ് സംവിധാനം പഠിക്കുന്നതിനായി കർണാടകയിലെ കമ്മീഷണർ ഉൾപ്പെടെ പ്രതിനിധി സംഘം കഴിഞ്ഞ ഫെബ്രുവരിയിൽ സന്ദർശിക്കുകയും ഇവിടുത്തെ മാതൃക അവിടെ പകർത്തുകയും മെച്ചപ്പെട്ട ഇന്റലിജൻസ് സംവിധാനം അവിടെ രൂപീകരിക്കുകയും ചെയ്തു. ഈ മാതൃകയുടെ പ്രചോദനം ഉൾക്കൊണ്ടാണ് ആന്ധ്രപ്രദേശിലെ ചീഫ് കമ്മീഷണർ ഉൾപ്പെടെ ഉദ്യോഗസ്ഥ സംഘം കേരളം സന്ദർശിച്ചത്.


കേരളത്തിന്റെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പുനഃസംഘടനയ്ക്ക് ശേഷം ഈ സാമ്പത്തിക വർഷം മാത്രം 325ൽ പരം പരിശോധനകൾ നടത്തുകയും മൂന്നു വർഷങ്ങൾക്ക് മുന്നേ അഞ്ചു കോടി രൂപ മാത്രമുണ്ടായിരുന്ന കളക്ഷൻ 2023-24 സാമ്പത്തിക വർഷം 1090 കോടി രൂപയിലധികമായി കുതിച്ചു ചാടുകയും ചെയ്തു. ശാസ്ത്രീയമായ അന്വേഷണ രീതിയും മികവുറ്റ ഇന്റലിജൻസ് സംവിധാനവും കേരളത്തേക്കാൾ വരുമാനമുള്ള വലിയ സംസ്ഥാനങ്ങൾക്കും കണ്ടു പഠിക്കാൻ പ്രേരകമാകുന്നുണ്ട്. ഇത്തരത്തിലുള്ള മികച്ച പ്രവർത്തന മാത്യക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംസ്ഥാനങ്ങൾ കേരളത്തിൽ പഠനത്തിനായി വരുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.