May 02, 2024

Login to your account

Username *
Password *
Remember Me

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിൽ: മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു. രാജ്യത്ത് വിലക്കയറ്റം തടുത്തു നിർത്തുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകുന്നില്ല. വിലക്കയറ്റം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്ത് വലിയ തോതിൽ സാധനങ്ങൾക്ക് വില ഉയരേണ്ടതാണ്. എന്നാൽ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാൾ താഴെ നിർത്താൻ കേരളത്തിന് കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സംസ്ഥാന സർക്കാർ നിരന്തരം സ്വീകരിച്ച പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. ചില്ലറ വിൽപന അടിസ്ഥാനമാക്കുമ്പോൾ ദേശീയ നിലയിൽ ജൂലൈയിലെ വിലക്കയറ്റത്തോത് 7.44 ശതമാനമാണ്. പച്ചക്കറി വില ദേശീയതലത്തിൽ 37 ശതമാനം അധികം ഉയർന്നപ്പോൾ ധാന്യങ്ങളുടെയും പയർവർഗങ്ങളുടെയും വില 13 ശതമാനം അധികം വർധിച്ചു.


ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. എന്നാൽ അങ്ങനെയല്ലെന്ന് വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ഈ രംഗത്ത് ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നു. സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം അഴിച്ചുവിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 252 കോടി രൂപയാണ്. നിലവിൽ 270 കോടി രൂപയും. സാധാരണക്കാർ സപ്ലൈകോയെ കൂടുതലായി ആശ്രയിക്കുന്നതിലാണിത്. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കും. ചില സാധനങ്ങൾ ചില ദിവസങ്ങളിൽ ഉണ്ടായില്ലെന്നു വരാം. സ്റ്റോക്ക് തീരുന്നതും സാധനങ്ങൾ എത്തുന്നതിന് താമസമുണ്ടാകുന്നതും ഒരു മാസത്തേക്ക് കണക്കാക്കി സ്റ്റോക്ക് ചെയ്ത സാധനങ്ങൾ വേഗം തീരുന്നതുമൊക്കെ ഇതിന് കാരണമാണ്. സപ്ലൈകോയിൽ നല്ല രീതിയിൽ വിറ്റുവരവ് ഉണ്ടാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം പൊതുവിതരണ സമ്പ്രദായത്തിൽ ഫലപ്രദമായി ഇടപെടുന്നുണ്ട്. സപ്ലൈകോ, കൺസ്യൂമർഫെഡ്, സഹകരണ മേഖലയിലെ മറ്റു വിൽപന ശാലകൾ എന്നിവ നടത്തുന്ന വിപണി ഇടപെടൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്താകെ 1600ൽപരം സപ്ലൈകോ ഔട്ട് ലെറ്റുകളുണ്ട്. പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സപ്ലൈകോ സബ്സിഡി സാധനം വാങ്ങുന്നു. വിപണിയിടപെടലിനായി സപ്ലൈകോ 250 കോടി രൂപയുടെ അവശ്യസാധനമാണ് സംഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഓരോ ദവിസത്തെയും സപ്ലൈകോ വിൽപനക്കണക്കെടുത്താൽ കൂടുതൽ വിൽപന നടക്കുന്നതായി മനസിലാകുമെന്ന് അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഈ മാസം 11ന് 8.43 കോടി രൂപയുടെ വിൽപനയാണ് സപ്ലൈകോ നേരിട്ട് നടത്തിയത്. 17ന് അത് 16.65 കോടി രൂപയായി. വരുന്ന സാധനങ്ങൾ വേഗത്തിൽ വിറ്റുപോകുന്നു. ജനം നല്ല രീതിയിൽ സപ്ലൈകോയെ ആശ്രയിക്കുന്നതായി മന്ത്രി പറഞ്ഞു. ഗതാഗതവകുപ്പ് ആന്റണിരാജു ആദ്യ വിൽപന നടത്തി. മന്ത്രി വി. ശിവൻകുട്ടി ശബരി ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു. വി. ജോയ് എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ രാജു, പള്ളിച്ചൽ വിജയൻ, സപ്ലൈകോ ചെയർമാനും എം.ഡിയുമായ ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.