March 28, 2024

Login to your account

Username *
Password *
Remember Me

പുൽപ്പള്ളി സഹകരണ ബാങ്ക് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു: മന്ത്രി വി എൻ വാസവൻ

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ അറിയിച്ചു. ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും, എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുവാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സഹകരണസംഘം രജിസ്ട്രാറാണ് സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവിറക്കിയത്. യു ഡി എഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികൾ പലതും നിയമവിരുദ്ധമായിരുന്നുവെന്ന് ആദ്യം പരിശോധ നടത്തിയ സംഘം കണ്ടത്തിയിരുന്നു. 2015-16 വർഷത്തിൽ നടന്നിട്ടുള്ള വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.


തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ വ്യാപകമായി അനുവദിക്കുക, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ അനുവദിച്ച വായ്പകളിലെ ക്രമക്കേട്, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപർട്ടി ഇൻസ്‌പെക്ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കുക, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പകൾ നൽകുക, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതുസരിച്ച് നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. അതിനിടയിലാണ് കർഷകന്റെ ആത്മഹത്യ ഉണ്ടായത്. അതിനുശേഷം ക്രമക്കേട് കൂടുതൽ വ്യാപകമായി നടന്നു എന്ന സൂചനകൾ പുറത്തു വന്നതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ തീരുമാനം എടുത്തത്. സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായർ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ. വി.സജികുമാർ, രാജാറാം. ആർ, ജ്യോതിഷ് കുമാർ.പി, ബബീഷ്.എം എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബാങ്കിലെ വായ്പാ ക്രമക്കേടുകൾ, ബാങ്കിന്റെ ആസ്തിബാധ്യതകൾ, സഹകരണ നിയമം, ചട്ടം, നിയമാവലി വ്യവസ്ഥകൾക്കും രജിസ്ട്രാറുടെ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.