April 19, 2024

Login to your account

Username *
Password *
Remember Me

റിസർവ് ബാങ്ക് ഇന്നോവേഷൻ ഹബ് വികസിപ്പിച്ച ഇൻസ്റ്റന്റ് കിസാൻ ക്രെഡിറ്റ് കാർഡ് ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു.

കൊച്ചി: കര്‍ഷകര്‍ക്ക് ഉടനടി വായ്പ ലഭ്യമാക്കുന്ന ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് വികസിപ്പിച്ച ഈ സംവിധാനം തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ഗ്രാമീണ സാമ്പത്തിക സേവനങ്ങള്‍ ഡിജിറ്റലാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫെഡറല്‍ ബാങ്കിനെ പങ്കാളിയാക്കി നേരത്തെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടമായാണ് ഫെഡറല്‍ ബാങ്ക് കര്‍ഷകര്‍ക്കായി ഇന്‍സ്റ്റന്റ് കെസിസി അവതരിപ്പിച്ചത്. ചെറുകിട കര്‍ഷകര്‍ക്കും ബാങ്കിങ് സേവനം ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്കും ചെറിയ തുകയുടെ വായ്പകളാണ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കുക. കാര്‍ഷിക വായ്പാ രംഗത്ത് ഇത്തരത്തിലുള്ള ആദ്യ ഡിജിറ്റല്‍ വായ്പാ പദ്ധതിയാണിത്. പരമ്പരാഗത ബാങ്ക് വായ്പാ സംവിധാനങ്ങളേക്കാള്‍ സൗകര്യപ്രദവും അതിവേഗം ലഭിക്കുന്നതുമാണ് ഇന്‍സ്റ്റന്റ് കെസിസി വായ്പകള്‍.

"ഗ്രാമീണ വായ്പകള്‍ സാമ്പത്തിക വളര്‍ച്ചയുമായി ഏറ്റവും ബന്ധപ്പെട്ടുകിടക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിലാണ് പ്രാരംഭഘട്ടമെന്ന നിലയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് തുടക്കമിട്ടത്. തമിഴ്‌നാട്ടില്‍ ഫെഡറല്‍ ബാങ്ക് ഈ പദ്ധതി ആരംഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് ഏറ്റവും വേഗത്തില്‍ ലളിതമായി വായ്പകള്‍ ലഭ്യമാക്കാനുള്ള അവസരങ്ങള്‍ തുറന്നിരിക്കുകയാണ്. പദ്ധതി വിജയകരമാകുന്നതോടെ രാജ്യത്തുടനീളം നടപ്പിലാക്കുകയാണ് ലക്ഷ്യം," റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് സിഇഒ രാജേഷ് ബന്‍സല്‍ പറഞ്ഞു.

"റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബുമായും തമിഴ്‌നാട് സര്‍ക്കാരുമായും ചേര്‍ന്ന് അവതരിപ്പിച്ച ഇന്‍സ്റ്റന്റ് കിസാന്‍ ക്രെഡിറ്റ് പദ്ധതിയിലൂടെ കര്‍ഷകരുടെ വായ്പാ ആവശ്യങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയൊരു പരിഹാരം നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. അതിവേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്ന തലത്തിലേക്ക് സംഘടിത ബാങ്കിങ് സംവിധാനത്തെ മാറ്റുന്നതാണ് ഈ പദ്ധതി," ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.