തിരുവനന്തപുരം : ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പിയിലൂടെ പുറത്തെടുത്ത മികവിന് ദേശീയ അംഗീകാരം. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ്സ് ദേശീയ കോൺഫറൻസിലാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം ഫിസിയോ ഇൻ ചാർജ് ബിനു ജയിംസിന് ലഭിച്ചത്. 2020 സെപ്റ്റംബർ 14 ന് ബിനു ജയിംസിന്റെ നേതൃത്വത്തിൽ രോഗിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് ഫിസിയോതെറാപ്പിയിലൂടെ പുറത്തെടുത്തിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൂവാർ സ്വദേശിയായ 61 വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നാണ് പല്ല് പുറത്തെടുത്തത്. അപകടത്തിൽ മുഖത്തേറ്റ പരിക്കിന്റെ ഭാഗമായി രോഗിയുടെ പല്ലിളകി ശ്വാസകോശത്തിന്റെ വലതു ഭാഗത്ത് കുടുങ്ങിയത് എക്സ് റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കാർഡിയോ തൊറാസിക് വിദഗ്ധരുടെ നേതൃത്വത്തിൽ ശ്വാസകോശത്തിൽ കുഴൽ കയറ്റിയുള്ള ബ്രോങ്കോസ്കോപി പരീക്ഷിച്ചെങ്കിലും പല്ല് പുറത്തെടുക്കാനായില്ല. തുടർന്ന് മൂന്നാഴ്ചയ്ക്കു ശേഷം ശ്വാസകോശം തുറന്നുള്ള തൊറാക്കോട്ടമി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. എന്നാൽ അതിന്റെ തലേ ദിവസം ഫിസിയോ തെറാപ്പിയിലൂടെ പല്ല് പുറത്തെടുക്കാൻ നടത്തിയ ശ്രമം വിജയിക്കുകയായിരുന്നു. രോഗി ഐസിയുവിൽ വെന്റിലേറ്ററിലായിരുന്ന സമയത്ത് ശ്വാസനാളം തുറക്കുന്നതിനായി തൊണ്ടയിൽ സൃഷ്ടിച്ച സുഷിരത്തിലൂടെയാണ് (ട്രക്കിയോസ്റ്റമി ) പല്ല് പുറത്തെടുത്തത്.
രോഗിയുടെ ശ്വാസകോശത്തിന്റെ ത്രിമാന ചിത്രം തയാറാക്കി പല്ല് ശ്വാസകോശത്തിന്റെ പിൻഭാഗത്താണെന്നു തിരിച്ചറിഞ്ഞു. തുടർന്ന് ചെസ്റ്റ് വെബ്രേറ്റർ എന്ന ഉപകരണത്തിന്റെ സഹായത്തോടെ 20 മിനിറ്റ് കൊണ്ട് ഫിസിയോതെറാപ്പി നടത്തിയാണ് പല്ല് പുറത്തെടുത്തത്. ആന്തരികാവയവങ്ങളിൽ കുടുങ്ങുന്ന വസ്തുക്കൾ ഫിസിയോ തെറാപ്പിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണ്. രോഗിയുടെ ആരോഗ്യ സ്ഥിതി ചികിത്സാനന്തരം പൂർവസ്ഥിതിയിലായിട്ടുണ്ടെന്നും ഇപ്പോഴും ജോലി ചെയ്തു ജീവിക്കുന്നുവെന്നും ബിനു ജെയിംസ് പറഞ്ഞു. ഇക്കഴിഞ്ഞ 15, 16 തീയതികളിൽ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ കൺവെൻഷൻ സെന്ററിലാണ് ദേശീയ സമ്മേളനം നടന്നത്.
ചിത്രം : 1 ബിനു ജെയിംസ്
(2) പല്ലു കുടുങ്ങിയ ശ്വാസകോശത്തിന്റെ രേഖാചിത്രം