December 04, 2024

Login to your account

Username *
Password *
Remember Me
ലിമ : നുറ്റാണ്ടുകളായി പെറു ജനത തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി നടത്തിപ്പോന്നിരുന്ന കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇത്തരം വിനോദങ്ങളിലൂടെ കടുത്ത മൃഗ പീഡനമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പെറു സര്‍ക്കാരിന്റെ നിരോധന നീക്കം. നിരോധനത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രേതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുന്നത്. സമാനമായ രീതിയിൽ തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിന് ശേഷം സംസ്ഥാനമൊട്ടാകെ പ്രതിഷേധം നടന്നിരുന്നു.
ഏഥന്‍സ്: ഗ്രീക്കിലെ യൂണിവേഴ്‌സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നും വിഷാംശം അടങ്ങിയ കത്തുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. പന്ത്രണ്ടോളം യൂണിവേഴ്‌സിറ്റികളിലേയ്ക്കാണ് നിരന്തരമായി വിഷാംശം അടങ്ങിയ കത്തുകള്‍ എത്തിയിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കങ്ങളില്‍ 'ഇസ്ലാമിക' ആശയങ്ങള്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് സൂചന. ഇംഗ്ലീഷില്‍ എഴുതി അയച്ചിരിക്കുന്ന കത്തുകള്‍ തുറന്ന് വായിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക് അലര്‍ജിയും ശ്വാസ തടസ്സവുമുണ്ടായി. കത്ത് ഒട്ടിക്കാനുപയോഗിച്ചിരിക്കുന്ന പശയില്‍ അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. ആഭ്യന്തര സുരക്ഷ കാര്യാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പൊലീസിലെ ഭീകര വിരുദ്ധ സേന സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഏഴുപേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഏഗിയനിലെ യൂണിവേഴ്‌സിറ്റിയില്‍ ബുധനാഴ്ച വൈകിട്ടാണ് കത്തുകള്‍ ലഭിച്ചത്. ചില കത്തുകള്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് പിടിച്ചെടുത്തു.
ദോഹ: ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രതിനിധി രാജിവെച്ചു. അമേരിക്കന്‍ മുന്‍ സൈനിക കമാന്റര്‍ ആന്റണി സിന്നിയാണ് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജിവെച്ചത്. ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങളുമായും അമേരിക്കക്ക് അടുത്ത ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് സമവായ ശ്രമവുമായി അമേരിക്ക എത്തിയത്. എന്നാല്‍ 18 മാസം പിന്നിട്ടിട്ടും സമാധാന പാതയില്‍ എത്താനോ മേഖലയില്‍ ഐക്യം പുനസ്ഥാപിക്കാനോ സാധിച്ചില്ല. വിവാദത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ കുറ്റപ്പെടുത്തിയാണ് ആന്റണി സിന്നിയുടെ രാജി.... സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. സമവായ നീക്കങ്ങളുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുണ്ട്. കുവൈത്ത് ആണ് സമാധാന ശ്രമങ്ങളുമായി മുന്നില്‍. കൂടെ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമുണ്ട്. അമേരിക്കയുടെ മേഖലയിലെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഗള്‍ഫ് പ്രതിസന്ധി. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

ലണ്ടൻ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തി. കേരളം നാണം കെടുത്തുന്ന പ്രസ്താവനയാണ് യുകെ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ശബരിമല വിവാദത്തെത്തുടർന്ന് കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.  ശബരിമലയിലെ സ്ത്രീ പ്രവേശനവുമാി ബന്ധപ്പെട്ട് കേരളത്തിലെ ചില സിറ്റികളിലും ടൗണുകളിലും കലാപം നടക്കുകയാണ്. പോലീസും അക്രമികളും തമ്മിലുള്ള സംഘർഷത്തിൽ പൊതു സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കേരളത്തിലേക്ക് പോകുകയാണെങ്കിൽ മിഡിയ റിപ്പോർട്ടുകൾ സസൂഷ്മം ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് യുകെ ഫോറിൽ ആന്റ് കോമൺ വെൽത്ത് ഓഫീസിൽ നിന്നുള്ള പ്രസ്താവന.മതപരമായ സ്ഥലങ്ങൾ, വിപണന കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, ബീച്ചുകൾ തുടങ്ങിയ ബ്രിട്ടീഷ് പൗരൻമാർ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭീഷണി ഉയർത്തിയേക്കാം. നിങ്ങൾ ഈ സമയത്ത് ജാഗ്രത പാലിക്കണം, പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും എടുക്കുകയും വേണമെന്നും ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ മുന്നറിയിപ്പ് നൽകുന്നു.


കെയ്‌റോ: ഈജിപ്തിലെ പ്രശസ്തമായ ഗിസാ പിരമിഡുകള്‍ക്ക് സമീപത്ത് വന്‍ സ്‌ഫോടനം. ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസ്സാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മൂന്ന് വിനോദ സഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡും കൊല്ലപ്പെട്ടു. വിയറ്റ്‌നാമില്‍ നിന്നുളളവരാണ് കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. റോഡിന് സമീപത്തുളള മതിലിനരികില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു ബസ് കടന്ന് പോകവേ പൊട്ടിത്തെറിക്കുകയായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ വിനോദ സഞ്ചാരികളും വിയറ്റ്‌നാമില്‍ നിന്നുളളവരാണ്. ബസ് ഡ്രൈവര്‍ ഈജിപ്ത് സ്വദേശിയാണ്.


ഡൽഹി: പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പാക്കിസ്ഥാൻ ആതിഥ്യം അരുളുന്ന ഉച്ചകോടിയിൽ നിന്നും പിൻമാറി.

ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.പാക്കിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ നിർത്തുന്നതുവരെ ചർച്ചകൾ ഒന്നും ഉണ്ടാകില്ലെന്നും സാർക്ക് രാജ്യങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാക്കിസ്‌താൻ ആതിഥ്യം നൽകുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈജിപ്തില്‍ പിരമിഡുകള്‍ക്കിടയില്‍ പര്യവേഷകര്‍ കണ്ടെത്തിയത് 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം. കെയ്‌റോയിലെ പിരമിഡുകള്‍ നിറഞ്ഞ സക്വാറയിലാണ് ഒരു പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തിയിട്ടുള്ളത്. 2018 ലെ അവസാനത്തെ കണ്ടെത്തല്‍ എന്നാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തവെ ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എല്‍ എനാനി വിശേഷിപ്പിച്ചത്.

ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ് കല്ലറ. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശവകല്ലറ കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ചിട്ടുണ്ട്.

നവംബര്‍ എട്ടിനായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ദെവോന്‍പോര്‍ട്ടില്‍ നിന്ന് കിങ് ദ്വീപിലേക്ക് പോയ ഒരാള്‍ക്ക്‌ മാത്രം സഞ്ചരിക്കാവുന്ന വിമാനമാണ്‌ ദിശമാറി സഞ്ചരിച്ചത്. കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് ഉറങ്ങിയതിനെ തുടർന്ന് വിമാനം കുറേ നേരത്തേക്ക് അപ്രത്യക്ഷമായി. ഒടുവില്‍ ലക്ഷ്യ സ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ മാറി വിമാനം ലാന്‍ഡ് ചെയ്തു.

പൈലറ്റ് വിമാനം 50 കിലോമീറ്റര്‍ അകലെ സുരക്ഷിതമായി എങ്ങനെ ഇറക്കി എന്നതിനെക്കുറിച്ച് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിങ് ദ്വീപിലേക്കുള്ള ഒരു വിമാനം അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചിരുന്നു.

വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ ക്രിസ്മസ് സമ്മാനവുമായി സന്ദര്‍ശിക്കാന്‍ എത്തിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയില്‍ എത്തിയ ഒബാമയെ കണ്ട കുട്ടികള്‍ ആദ്യമൊന്നു ഞെട്ടി.

പിന്നീട് കുട്ടികളുടെ കൂടെ ഒരുപാടു നേരം ചിലവഴിക്കുകയും സ്‌നേഹം അറിയിക്കുകയും അവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹം കൈമാറുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാന്‍ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് ചെയ്തു.

ഒബാമയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതരാണ് ട്വീറ്റ് ചെയ്തത്. ആ വീഡിയോ റീട്വീറ്റ് ചെയ്ത് ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി പറഞ്ഞു. പ്രതിഫലം ആഗ്രഹിക്കാതെ ആ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അവിടെ കണ്ട ഏറ്റവും നല്ല കാഴ്ചയെന്നും ഒബാമ പറയുന്നു. ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ് ആന്റ് ഗേള്‍സ് ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി എത്തിയിരുന്നു.

മനാമ: ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി.ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ ബാധകമല്ല.

സെപ്തംബർ ആദ്യവാരം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനായി തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗ തിപ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്‌സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനംപേരെ പൂർണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനംപേരെ എക്‌സിറ്റ് പട്ടികയിൽ നിലനിർത്താൻ സ്ഥാപനങ്ങൾക്ക‌് അനുമതി നൽകിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്നവരാകാം.

എക്‌സിറ്റ് പെർമിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങൾ കമ്പനികളും തൊഴിലുടമകളും നൽകണം. ഇതിനായി പ്രത്യേക ഇ പ്ലാറ്റ്‌ഫോം മന്ത്രാലയം ഒരുക്കി. എന്തെങ്കിലും കാരണത്താൽ തൊഴിലാളിയെ നാട്ടിലേക്കുപോകാൻ അനുവദിച്ചില്ലെങ്കിൽ എക്‌സ്പാട്രിയേറ്റ് എക്‌സിറ്റ് ഗ്രീവിയൻസ് സമിതിക്ക് പരാതി നൽകാം. മൂന്നു ദിവസത്തിനകം പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.