May 20, 2024

Login to your account

Username *
Password *
Remember Me

ഡ്രൈവിങ് ടെസ്റ്റ്: സർക്കാർ നടപടികളെ തടസപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്നു പിന്മാറണമെന്നു ഗതാഗത മന്ത്രി

ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളെ തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ അഭ്യർഥിച്ചു. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംഘടന ആവശ്യപ്പെട്ട പ്രകാരം ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും സമരക്കാർ ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ ഇളവുകളും സാവകാശവും അനുവദിച്ചു നല്കുന്നതിനും സർക്കാർ സന്നദ്ധമായി. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ദിനം പ്രതിയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതായിരുന്നു. ഇക്കാര്യത്തിൽ അനുവദിക്കാവുന്ന പരമാവധി വർദ്ധിപ്പിച്ചു നൽകാനാണ് സർക്കാർ തയ്യാറായത്.


 
ഡ്രൈവിംഗ് ടെസ്റ്റ് സുഗമമായി നടത്തുന്നതിന് പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യ ഭൂമിയിലോ ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ അടിയന്തിരമായി സജ്ജമാക്കുവാൻ ആർ. റ്റി. ഒ. മാർക്ക് നിർദ്ദേശം നൽകും. ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ അവ വാടകയ്‌ക്കെടുത്ത് ടെസ്റ്റ് മുടക്കം കൂടാതെ നടത്തുന്നതിനും നിർദ്ദേശം നല്കിയിട്ടുണ്ട്. സ്ലോട്ട് ലഭിച്ച് ടെസ്റ്റിന് എത്തിച്ചേരുന്ന അപേക്ഷകരെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ തടസ്സപ്പെടുത്തുന്നതും, ബാഹ്യ ശക്തികളുമായി ചേർന്ന് നിസ്സാര കാരണങ്ങൾ പറഞ്ഞു മടക്കി അയയ്ക്കുന്നതും ചില ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോടതി നിർദ്ദേശവും സർക്കാരിന്റെ ഉത്തമ താല്പര്യങ്ങളടങ്ങിയ നിർദ്ദേശങ്ങളും ജാഗ്രതാപൂർവ്വം പാലിക്കുവാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഇത്തരത്തിലുള്ള സമീപനം ഉണ്ടായാൽ കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.


കേന്ദ്ര മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ടു വച്ചത്. ഇപ്പോഴത്തെ പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകുവാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലെതന്നെ പ്രധാനമാണ് ഇതര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും കാൽനടയാത്രക്കാരും അടക്കമുള്ളവരുടെ ജീവൽ സുരക്ഷയുമെന്ന് ലൈസൻസ് എടുക്കുന്നവർ മനസ്സിലാക്കണം. അത്തരം അവബോധവും ഡ്രൈവിംഗ് വൈദഗ്ധ്യവും പരിശീലിപ്പിക്കപ്പെട്ടവരെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായി സജ്ജരാക്കുന്നതെന്ന് ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പുകാരും ഉറപ്പു വരുത്തണം. ഇതൊന്നും പാലിക്കാതെയും നിയമത്തിൽ പറഞ്ഞിരിക്കുന്ന യാതൊരു മാനദണ്ഡങ്ങളുമില്ലാതെയും യഥേഷ്ടം ലൈസൻസുകൾ വിതരണം ചെയ്ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ല. ഇപ്പോൾ നടക്കുന്ന സമരം തികച്ചും അനാവശ്യവും പൊതുജന താൽപര്യത്തിനെതിരും നിയമവിരുദ്ധവും കോടതി നിർദ്ദേശങ്ങൾക്കെതിരുമാണ്.
 
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.