തിരുവനന്തപുരത്തു നിന്നു മാത്രമല്ല, മറ്റു ജില്ലകളിൽനിന്നും തികച്ചും സൗജന്യമായി സേവനനിരതരായി ആയിരത്തി മുന്നൂറോളം സന്നദ്ധ പ്രവർത്തകർ കേരളീയത്തിന്റെ ഭാഗമായി സേവനം. വോളണ്ടിയർ സേവനത്തിനായി രജിസ്റ്റർ ചെയ്ത അയ്യായിരത്തോളം പേരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള 42 വേദികളിലും വോളണ്ടിയർമാരുടെ സാന്നിധ്യം ഉണ്ട്. വിവിധ സർവീസ് സംഘടനകൾ, എൻഎസ്എസ്, സ്റ്റുഡൻസ് പോലിസ് കേഡറ്റുകൾ, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ, ഡിടിപിസി, യൂത്ത് വെൽഫെയർ ബോർഡ്, കിറ്റ്സ്, സിവിൽ ഡിഫൻസ്, സന്നദ്ധ സേന, എൻസിസി തുടങ്ങിയ സംഘടനകളിൽ നിന്നാണ് വോളണ്ടിയർമാരിലേറെയും. പാലക്കാടുനിന്നു തിരുവനന്തപുരത്തേക്കു വരാൻ ജിജിത്തിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ കേരളീയത്തിന്റെ ഭാഗമാകുക. സ്റ്റേജ് ഒരുക്കിയും കലാകാരന്മാർക്കു സഹായങ്ങൾ ചെയ്തും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചും കേരളീയത്തെ മുന്നോട്ടു നയിക്കുന്ന വോളണ്ടിയർമാരിൽ ഒരാളാണ് ജിജിത്ത്.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ വോളണ്ടിയർ കമ്മിറ്റിയാണ് സന്നദ്ധ പ്രവർത്തകർക്കു വേണ്ട മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നത്. വോളണ്ടിയർമാർക്ക് താമസ സൗകര്യം, ഭക്ഷണം, വേദിയിൽനിന്നു യാത്രാസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികളിൽ ചുമതലക്കാരായി സർവീസ് സംഘടനാ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. വോളണ്ടിയർ കമ്മിറ്റിയെ സഹായിക്കാനായി കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ കീഴിലെ ' യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാമിൽ' 14 ജില്ലകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഫെല്ലോകളും പ്രവർത്തിക്കുന്നുണ്ട്. 40 ശതമാനം വോളണ്ടിയർമാർ വനിതകളാണന്നതും പ്രത്യേകതയാണ്.