Print this page

ഭക്ഷണ പ്രേമികളുടെ മനം കവർന്ന് കുടുംബശ്രീയുടെ 'മലയാളി അടുക്കള'

By November 07, 2023 76 0
**മൂന്നു ദിവസം കൊണ്ട് രണ്ടര ദശലക്ഷം കടന്ന് വിറ്റുവരവ്


ഭക്ഷണപ്രേമികളുടെ വയറും മനസും നിറച്ച് രുചിവൈവിധ്യങ്ങളുടെ കലവറയായി മാറിയ കുടുംബശ്രീയുടെ ഫുഡ് കോർട്ട് , കേരളീയം 2023ന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. പ്രതിദിനം പതിനായിരക്കണക്കിന് ആളുകളാണ് കേരളത്തിന്റെ വൈവിധ്യമാർന്ന വിഭവങ്ങൾ ആസ്വദിക്കാൻ കനകക്കുന്നിലേക്ക് ഒഴുകുന്നത്. 'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോർട്ടിൽ കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂർവ അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.


കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 20.67 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഉദ്ഘാടന ദിനമായ നവംബർ ഒന്നിന് 2,74,000 രൂപയും രണ്ടിന് 7,65,000 രൂപയും ലഭിച്ചു. മൂന്നാം ദിവസം 10,27,600 രൂപയും നേടി. കനകക്കുന്നിൽ സൂര്യകാന്തി വേദിക്ക് അഭിമുഖമായാണ് ഫുഡ് കോർട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ നടക്കുന്ന സായാഹ്ന പരിപാടികൾ ഭക്ഷണത്തോടൊപ്പം ആസ്വദിക്കാനും അവസരമുണ്ട്. അട്ടപ്പാടിയുടെ വനസുന്ദരി, കാസർകോഡിന്റെ കടമ്പും കോഴിയും, ചിക്കൻ ചോറ്, ചാക്കോത്തി ചിക്കൻ, ചിക്കൻ കൊണ്ടാട്ടം തുടങ്ങി ചിക്കൻ കൊണ്ട് തയ്യാറാക്കിയ നിരവധി സ്വാദിഷ്ഠ വിഭവങ്ങൾക്ക് വലിയ ഡിമാന്റാണ്ട്. കൂടാതെ കിളിക്കൂട്, ചിക്കൻ പത്തിരി, കല്ലുമ്മേക്കായ നിറച്ചത്, മുട്ടമാല, തുടങ്ങിയവയും ഫുഡ് കോർട്ടിൽ ഹിറ്റായിരിക്കുകയാണ്. മികച്ച സ്വാദും ഗുണനിലവാരവുമുള്ള ഭക്ഷ്യവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകുന്നത് കുടുംബമായി വരുന്നവരെ ആകർഷിക്കുന്നു. വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരുടെ നേതൃത്വത്തിൽ ഫുഡ് കോർട്ട് സന്ദർശിക്കുന്നുണ്ട്. ആവശ്യമായ തുകയ്ക്ക് കൂപ്പൺ എടുത്താൽ ഏതു സ്റ്റാളിൽ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി കഴിക്കാനുള്ള വിപുലമായ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.


ഫുഡ്കോർട്ടിലേക്കാവശ്യമായ മുഴുവൻ ചിക്കനും കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്ലെറ്റുകളിൽ നിന്നാണ് കൊണ്ടു വരുന്നത്. പൂർണമായും ഹരിത ചട്ടം പാലിച്ചാണ് ഫുഡ് കോർട്ടിന്റെ പ്രവർത്തനം. കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന പതിനാല് കാന്റീൻ കാറ്ററി യൂണിറ്റുകളാണ് ഫുഡ് കോർട്ടിൽ പങ്കെടുക്കുന്നത്.
Rate this item
(0 votes)
Author

Latest from Author